കൊല്ലം: കൊല്ലം നഗരത്തെ പേവിഷ വിമുക്തമാക്കാൻ 'റാബിസ് ഫ്രീ കൊല്ലം' പദ്ധതിയുമായി കോർപ്പറേഷൻ. നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡ് സ്ഥാപനമായ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് ഹൈദരാബാദിന്റെ സഹായത്തോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കാവാ (കംപാഷൻ ഫോർ അനിമൽ വെൽഫെയർ അസോസിയേഷൻ) എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കാവായുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരപരിധിയിലെ എല്ലാ തെരുവ് നായകൾക്കും പേ വിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്നത്. കോർപ്പറേഷൻ പരിധിയിലെ തെരുവ് നായ്ക്കളുടെ വംശവർദ്ധനവ് നിയന്ത്രിക്കാൻ എ.ബി.സി സർജറി, പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ, തെരുവുനായ്ക്കളുടെ സെൻസസ്, വളർത്തുനായ്ക്കൾക്ക് ലൈസൻസ് നൽകൽ എന്നിവ ഏകോപിച്ചാണ് പദ്ധതി നടത്തിപ്പ്. ഒന്നാം ഡിവിഷനിലെ തെരുവുനായ്ക്കൾക്ക് 19ന് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയാണ് തുടക്കം കുറിക്കുന്നത്. തുടർന്ന് എല്ലാ ഡിവിഷനുകളിലെയും തെരുവ് നായ്ക്കൾക്ക് കുത്തിവയ്പ്പ് നൽകും. കുത്തിവയ്പ്പ് ദിവസത്തിന് മുമ്പ് അതാത് വാർഡ് കൗൺസിലർമാരെ വിവരം അറിയിക്കും. ഇവരുടെയും പ്രാദേശിക ഫീഡർമാരുടെയും സഹായത്തോടെ എല്ലാ പ്രദേശവും പേവിഷ വിമുക്തമാക്കിയെന്ന് ഉറപ്പാക്കും. തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിലൂടെ പേവിഷബാധയേറ്റുള്ള മരണങ്ങൾ കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വിപുലമായ ടീം
ഓരോ വാക്സിനേഷൻ സംഘത്തിലും നായ്ക്കളെ പിടികൂടാനായി നാല് പട്ടിപിടിത്തക്കാർ ഉണ്ടാകും. കൂടാതെ വാക്സിനെടുക്കാനായി ഒരു വാക്സിനേറ്ററും വിവരങ്ങൾ രേഖപ്പെടുത്താനും വാക്സിനെടുത്ത നായ്ക്കളെ മാർക്ക് ചെയ്യാനുമായി ഒരു ടീം ലീഡറും ഉണ്ടാകും.
സമയബന്ധിതമായി റാബിസ് ഫ്രീ കൊല്ലം പദ്ധതി പൂർത്തിയാക്കും. നഗരത്തിലെ എല്ലാ തെരുവ് നായ്ക്കൾക്കും പേ വിഷ പ്രതിരോധ കുത്തിവയ്പ് എടുത്തെന്ന് ഉറപ്പാക്കും.
പ്രസന്ന ഏണസ്റ്റ്, മേയർ