കൊല്ലം: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ പാപ്പച്ചനെ ക്വട്ടേഷൻ നൽകി കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ആദ്യ നാല് പ്രതികളായ അനിമോൻ, മാഹീൻ, സരിത, അനൂപ് എന്നിവരുടെ കസ്റ്റഡി കാവാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. നേരത്തെ അനുവദിച്ച എട്ട് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടർന്ന് അന്വേഷണ സംഘം പ്രതികളെ കൊല്ലം ഫസ്റ്റ് ക്സാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി നാല് ദിവസത്തേക്ക് കൂടി കസ്റ്റഡി അപേക്ഷ നൽകുകയായിരുന്നു.

പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴികളിലും അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളിലും വൈരുദ്ധ്യമുണ്ട്. വീണ്ടും ചോദ്യം ചെയ്ത് കൃത്യമായ വിവരം ശേഖരിക്കുന്നതിനൊപ്പം തെളിവെടുപ്പും തെളിവ് ശേഖരണവും പൂർത്തിയാക്കാനുമാണ് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതികളുടെ ഒപ്പുകളും കൈയക്ഷരവും

പാപ്പച്ചൻ നിക്ഷേപിച്ച പണം സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ സരിതയും സഹപ്രവർത്തകനായ അനൂപും ചേർന്ന് അദ്ദേഹമറിയാതെ വായ്പയെടുത്ത് തട്ടിയെടുക്കുകയായിരുന്നു. വായ്പരേഖകൾ അനൂപും സരിതയും ചേർന്ന് തയ്യാറാക്കി പാപ്പച്ചന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാൻ സരിതയുടെയും അനൂപിന്റെയും കൈയക്ഷരവും ഒപ്പും ശേഖരിക്കണം.

തട്ടിയെടുത്ത പണം കണ്ടെത്തണം

സരിതയും അനൂപും ചേർന്ന് പാപ്പച്ചന്റെ കൈയിൽ നിന്ന് എത്ര രൂപ തട്ടിയെടുത്തെന്നും ഇവ എന്ത് ചെയ്തെന്നും കണ്ടെത്തി വീണ്ടെടുക്കണം. തട്ടിപ്പ് കാലയളവിൽ സരിതയുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് വൻ തുകകൾ എത്തിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ക്വട്ടേഷൻ തുക വീണ്ടെടുക്കണം

പാപ്പച്ചനെ കൊലപ്പെടുത്താൻ രണ്ട് ലക്ഷം രൂപയ്ക്കാണ് അനിമോനും മാഹീനും സരിതയുടെ ക്വട്ടേഷൻ ഏറ്റെടുത്തത്. പിന്നീട് പലഘട്ടങ്ങളായി 18.5 ലക്ഷം ഇരുവരും ചേർന്ന് വാങ്ങിയെന്നാണ് സരിതയുടെയും അനൂപിന്റെയും മൊഴി. തുകയുടെ കാര്യത്തിൽ വ്യക്തത വരുത്തി കണ്ടെടുക്കണം.

കൂടുതൽ വാഹനങ്ങൾ

പാപ്പച്ചനെ ഇടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച നീല വാഗണർ കാർ പൊലീസ് കസ്റ്റഡിയിലുണ്ട്. എന്നാൽ സംഭവ സ്ഥലത്ത് എത്താൻ മാഹീനും അനൂപും ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്തണം. ഇതിന് പുറമേ അനിമോനും മാഹീനും സരിതയിൽ നിന്ന് നേരിട്ട് പണം വാങ്ങിയ സ്ഥലങ്ങളിൽ മൂവരെയും എത്തിച്ച് തെളിവെടുപ്പ് നടത്തണം.

സരിതയുടെ ലാപ്ടോപ്പും ഫോണും

കൊലപാതകത്തിന് മുമ്പും ശേഷവും പിടിയിലാകുമ്പോൾ കൈവശമുണ്ടായിരുന്നതിന് പുറമേ മറ്റൊരു മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ചിരുന്നു. ആ ഫോണിലെ ഗൂഗിൾ പേ വഴിയും ലാപ്ടോപ്പ് ഉപയോഗിച്ച് ഓൺലൈൻ ഇടപാട് വഴിയും ക്വട്ടേഷൻ സംഘത്തിന് പ്രതിഫലം നൽകിയെന്നാണ് സരിതയുടെ മൊഴി. പേരൂർക്കടയിലെ ബന്ധുവീട്ടിലുള്ള ഈ ലാപ്ടോപ്പും മൊബൈൽ ഫോണും കണ്ടെടുക്കണം.