കൊല്ലം: ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടാനകളെ നിരീക്ഷിക്കാൻ എ.ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനവുമായി അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ. സർവകലാശാലയ്ക്ക് കീഴിലെ അമ്മച്ചി ലാബ്സിന്റെ നേതൃത്വത്തിലാണ് അമൃത എലിഫന്റ് വാച്ച് അലേർട്ട് നിരീക്ഷണ സംവിധാനം വികസിപ്പിച്ചെടുത്തത്. എ.ഐ ക്യാമറകളും ഡിറ്റക്ഷൻ സെൻസറുകളും ഉപയോഗിച്ചാണ് പ്രവർത്തനം.
ക്യാമറകളുടെ പരിധിയിൽ ആനകളെത്തിയാൽ എ.ഐ അൽഗോരിതം ആനകളെ തിരിച്ചറിഞ്ഞ് രണ്ട് സെക്കൻഡിനുള്ളിൽ ടെലിഗ്രാം വഴി ഫോണിലേക്ക് ഫോട്ടോകൾ അയച്ചുതുടങ്ങും. നിശ്ചിത ഇടവേളകളിൽ വീഡിയോ ദൃശ്യങ്ങളും ലഭിക്കും. സംഘത്തിൽ എത്ര ആനകളുണ്ടെന്നും അപകടകാരികളായ ആനകൾ പ്രദേശത്തേക്ക് കടക്കുന്നുണ്ടോ എന്നെല്ലാം ഇതിലൂടെ അറിയാനാകും. ആനകളെ മാത്രമല്ല കാട്ടുപന്നി അടക്കമുള്ള മറ്റ് വന്യമൃഗങ്ങളുടെ സഞ്ചാരവും നിരീക്ഷിക്കാനാകും. അമൃത അമ്മച്ചി ലാബ്സിലെ ടീം ലീഡ് ബാലു മോഹൻദാസ് മേനോന്റെ നേതൃത്വത്തിൽ അയ്യപ്പൻ അജൻ, കെ.രാമകൃഷ്ണൻ, ബി.ഗോകുൽ ദേവ് എന്നിവരടങ്ങുന്ന സംഘമാണ് ഉപകരണം വികസിപ്പിച്ചത്.
കോയമ്പത്തൂരിന് സമീപം മധുക്കരയിൽ വനത്തോട് ചേർന്ന പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സംവിധാനം വിജയകരമാണ്. ഉടൻ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ബാലു മോഹൻദാസ് മേനോൻ