കൊല്ലം: സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ 'ഗഗനചാരി'യിലൂടെ കൊല്ലത്തിന് തിളക്കം. അജിത്ത് വിനായക ഫിലിംസ് നിർമ്മിച്ച ചിത്രം പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹത നേടിയതാണ് അിമാനമായത്.
സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം ചെയ്ത ചിത്രമാണ് ഗഗനചാരി. ഗോകുൽ സുരേഷ് ഗോപി, അജു വർഗീസ്, അനാർക്കലി മരക്കാർ, മന്ത്രി കെ.ബി.ഗണേശ് കുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'മോക്യുമെന്ററി' ശൈലിയിൽ ഒരുക്കിയ ചിത്രം നേരത്തേതന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
മികച്ച വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ ന്യുയോർക്ക് ഫിലിം അവാർഡ്, ലോസ് ആഞ്ചലസ് ഫിലിം അവാർഡ്, തെക്കൻ ഇറ്റലിയിൽ നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ് എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപൂർ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദർശിപ്പിച്ചിരുന്നു.
ഡിസ്റ്റോപ്പിയൻ മോക്യുമെന്ററി വിഭാഗത്തിൽ പെടുത്താവുന്ന തരത്തിൽ സാല്പികമായ ഒരിടത്ത് പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെ ഒരു ഡോക്യുമെന്ററി ഷൂട്ടിംഗിനിടയിലെ സംഭാഷണങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. ഏഴ് സിനിമകളുടെ നിർമ്മാതാവായ വിനായക എസ്.അജിത്ത് കുമാർ വ്യത്യസ്തമായ ഈ ചിത്രമൊരുക്കിയത് അന്താരാഷ്ട്ര മികവ് നേടുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു.