light

അഞ്ചാലുംമൂട്: തെരുവ് വിളക്കുകൾ മിഴിയടച്ചതോടെ തൃക്കരുവ പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ ഇരുട്ടിലായി. അഷ്ടമുടി, അഷ്ടമുടി വടക്കേക്കര, ഇഞ്ചവിള, കാഞ്ഞാവെളി ജംഗ്ഷൻ, കരുവ, പ്രാക്കുളത്തെ ഉൾമേഖലകൾ എന്നിവിടങ്ങളിലാണ് രണ്ട് മാസത്തിലേറെയായി തെരുവ് വിളക്കുകൾ കത്താതായിട്ട്.

മാസങ്ങൾക്ക് മുമ്പ് ടെണ്ടർ വിളിച്ച് തനത് ഫണ്ട് ഉപയോഗിച്ച് തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്തുകയും പുതിയ ബൾബുകൾ സ്ഥാപിച്ചെങ്കിലും ആഴ്ചകൾക്കുള്ളിൽ പ്രവർത്തനരഹിതമായി. ഇത്തരത്തിൽ ഒരു വാർഡിലേക്ക് 30 ബൾബുകൾ വീതമായിരുന്നു നൽകിയിരുന്നത്. ബൾബുകൾക്ക് ഗുണമേന്മയില്ലെന്ന് വാർഡ് മെമ്പർമാർ ആക്ഷേപമുന്നയിച്ചിരുന്നു. പ്രധാന ജംഗ്ഷനുകളിലും ഇടറോഡുകളിലും സന്ധ്യമയങ്ങിയാൽ വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ആകെയുള്ളത്. പരാതി വ്യാപകമായതോടെ മെമ്പർമാർ സ്വന്തം പണം ഉപയോഗിച്ച് ലൈറ്റുകൾ നന്നാക്കിയിരുന്നു.

വാർഡ് മെമ്പർമാർക്ക് സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുന്നതിനാൽ പിന്നീട് ഇതും നിലച്ചു. ജോലികഴിഞ്ഞും പഠനം കഴിഞ്ഞും വീട്ടിലേക്ക് പോകുന്നവർ ടോർച്ച് ലൈറ്റും മൊബൈലിന്റെ ഫ്‌ളാഷ്‌ലൈറ്റും ഉപയോഗിക്കേണ്ട സ്ഥിതിയാണ്. സന്ധ്യയായാൽ തെരുവ് നായ്ക്കളും ഇഴജന്തുക്കളും റോഡ്‌കൈയടക്കും. കാൽനടയാത്രക്കാരാണ് ദുരിതമനുഭവിക്കുന്നവരിലേറെയും.

ഹൈമാസ്റ്റ് കണ്ണടച്ചിട്ട് ഒരുവർഷം

അഷ്ടമുടി ക്ഷേത്രത്തിന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചിട്ട് ഒരു വർഷത്തിലേറെയായി. വെളിച്ചമില്ലാത്തിനാൽ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. പ്രദേശവാസികൾ നിരന്തരം പരാതി ഉന്നയിച്ചിട്ടും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കുന്നില്ല. എത്രയും വേഗം തെരുവ് വിളക്കുകൾ നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തെരുവ് വിളക്കുകൾ മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കരാറെടുത്തത് മലപ്പുറത്തെ ഏജൻസിയാണ്. ഇവരുടെ ബൾബുകൾക്ക് ഗുണമേന്മയിലെന്ന് പരാതി ഉയർന്നതോടെ കരാർ റദ്ദ് ചെയ്തു. സർക്കാർ അധീനതയിലുള്ള യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്ന് ബൾബ് വാങ്ങാനുള്ള റിപ്പോർട്ട് പ്രോജക്ട് കമ്മിറ്റിക്ക് സമർപ്പിച്ചു. ഓണത്തിന് മുമ്പ് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കും.

തൃക്കരുവ പഞ്ചായത്ത് അധികൃതർ