mukesh

മലയാള നാടകരംഗത്തെ പെരുന്തച്ചനും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ഒ. മാധവന്റെ ജന്മശതാബ്ദി വേളയാണിത്. അദ്ദേഹം ഓർമ്മയായിട്ട് 19 വർഷം തികയുന്ന ഇന്ന് ഒരു വർഷം നീളുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കും തുടക്കമാകും. ഒ. മാധവനെക്കുറിച്ച് മകനും പ്രശസ്ത നടനുമായ

മുകേഷ് എഴുതുന്നു

....................

എനിക്ക് ഓർമ്മവച്ച കാലം മുതൽ അച്ഛന് വലിയ തിരക്കാണ്. തിരക്കുള്ള നാടകനടനായ അച്ഛൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു. രാത്രി മുഴുവൻ നാടകം കളിയും പകൽ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റ് ജോലിയും. അതുകൊണ്ടുതന്നെ എന്നെയും രണ്ട് സഹോദരിമാരെയും അച്ഛൻ കാര്യമായൊന്നും ഉപദേശിച്ചിട്ടില്ല. നാടക പ്രവർത്തകർക്ക് താരത്തിളക്കമുള്ള കാലമായിരുന്നു. എനിക്കടക്കം കാളിദാസ കലാകേന്ദ്രത്തിലൂടെ നാടക രംഗത്തേക്ക് കുട്ടിക്കാലത്തു തന്നെ എത്താമായിരുന്നു. പക്ഷെ,​ അച്ഛൻ മക്കളോടും കുടുംബാംഗങ്ങളോടും പ്രധാനമായും ഒരു കാര്യം മാത്രമാണ് പറഞ്ഞിരുന്നത്- വിദ്യാഭ്യാസം ഫസ്റ്റ്.

വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും കലാരംഗത്തുണ്ടാകും. വിദ്യാഭ്യാസമുള്ളവർക്കേ നാടകത്തെ വിലയിരുത്താനും സംഭാഷണങ്ങൾ മെച്ചപ്പെടുത്താനും പശ്ചാത്തലത്തിന് അനുസരിച്ച് തീരുമാനമെടുക്കാനും കഴിയൂ. ബാക്കിയുള്ളവർ വിദ്യാഭ്യാസമുള്ളവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ടി വരും. അതുകൊണ്ട് ഡിഗ്രി എടുത്തതിനു ശേഷമേ കലയിലേക്ക് വരാവൂ. എനിക്ക് സ്കൂൾ ഫൈനൽ സമയത്തും പ്രീഡിഗ്രി സമയത്തും നാടകരംഗത്തേക്ക് പൂർണമായും തിരിമായായിരുന്നു. എന്നാൽ ഞാൻ അച്ഛന്റെ വാക്കുകൾ ഹൃദയംകൊണ്ട് സ്വീകരിച്ചു. അച്ഛന്റെ വാക്കുകളുടെ ആഴങ്ങൾ ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.

പോരാട്ടമായിരുന്നു അച്ഛന്റെ ജീവിതം. കെ.പി.എ.സിയിലെ പ്രധാന നടനും സെക്രട്ടറിയുമായിരുന്നു. ഒ.എൻ.വിയും ദേവരാജൻ മാസ്റ്ററും കെ.പി.എ.സിയുടെ ഭാഗമായിരുന്നു. മൂന്നും പേരും വത്യസ്തമായ കാരണങ്ങളാൽ ഒരേസമയം കെ.പി.എ.സിയുമായി പിണങ്ങി. എന്നാൽ അഭിപ്രായ വത്യാസം വന്നെങ്കിലും അച്ഛൻ നാടകം മുടക്കിയില്ല. നാടകം അരങ്ങിലെത്തുന്നതോടെ സംഗീത സംവിധായകന്റെയും ഗാനരചയിതാവിന്റെയും റോൾ കഴിയും. പക്ഷേ,​ നടൻ ട്രൂപ്പിൽ നിന്ന് ഇറങ്ങിപ്പോയാൽ നാടകം സ്തംഭിക്കും. അതുകൊണ്ടുതന്നെ നാടകം മുടക്കാൻ അച്ഛൻ തയ്യാറായില്ലെന്നു മാത്രമല്ല,​ പ്രതിഫലം വാങ്ങാതെ അഭിനയം തുടരാൻ തീരുമാനിക്കുകയും ചെയ്തു. അക്കാലത്ത് അമ്മയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോയത്.

സീസൺ കഴിഞ്ഞതോടെ അമ്മയുടെ വരുമാനവും നിലച്ച് ആകെ പ്രതിസന്ധിയിലായി. കെ.പി.എ.സിയുമായി 'ഗുഡ് ബൈ" പറഞ്ഞുനിൽക്കുന്ന സമയമാണ്. നീരാവിലുള്ള അടുത്ത സുഹൃത്തായ റോഡ് കോൺട്രാക്ടറെ അച്ഛൻ സമീപിച്ചു. റോഡ് പണിയുടെ മേൽനോട്ട ജോലി ഏറ്റെടുത്തു. മേൽനോട്ടം മാത്രമല്ല, റോഡ് പണിയും ചെയ്തു. വേറെ ജോലിക്കെന്നു പറഞ്ഞാണ് വീട്ടിൽ പോയിരുന്നത്. അക്കാലത്തെ നീരാവിൽ സ്കൂളിലെ ഹെഡ്മാസ്റ്റർ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. അങ്ങനെയിരിക്കെ സ്കൂൾ ഡേയുടെ ഉദ്ഘാടകനായി ഹെഡ്മാസ്റ്റർ അച്ഛനെ ക്ഷണിച്ചു.

'ഇത് ആ റോഡ്

പണിക്കാരനല്ലേ?​"

അറിയപ്പെടുന്ന നടനാണെന്നും കെ.പി.എ.സിയുടെ നെടുംതൂണാണെന്നും ഒക്കെ ഹെഡ്മാസ്റ്റർ അച്ഛനെ പരിചയപ്പെടുത്തി. ഇതു കേട്ടപാടെ വിദ്യാർത്ഥികൾ കൂട്ടത്തോടെ കൂവി. എന്താണ് കാര്യമമെന്ന് ഹെഡ്മാസ്റ്റർക്ക് മനസിലായില്ല. ഇതു മാധവനാണ്,​ വലിയ നടനാണ് എന്നൊക്കെ ഹെഡ്മാസ്റ്റർ വീണ്ടും പറഞ്ഞു. എന്നിട്ടും കൂവൽ നിന്നില്ല. ഇതോടെ,​ കൂവിയ കൂട്ടത്തിലുള്ള ഒരു വിദ്യാർത്ഥിയെ വിളിച്ച് ഹെഡ്മാസ്റ്റർ ശകാരിച്ചു. അപ്പോൾ ആ വിദ്യാർത്ഥി പറഞ്ഞു: ''ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട. ഇയാൾ റോഡു പണിക്കാരനാണ്. സ്കൂളിലേക്ക് വരുന്ന വഴിയിലുള്ള റോഡിന്റെ പണി ഇയാൾ ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ‌ഞങ്ങളെ പറ്റിക്കാൻ നോക്കേണ്ട.""

ഹെഡ്മാസ്റ്റർ തിരിഞ്ഞു നോക്കിയപ്പോൾ,​ ശരിയാണെന്നു പറഞ്ഞ് അച്ഛൻ തലയാട്ടി. അതിനു ശേഷം അദ്ധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ച് ഒരു കലക്കൻ പ്രസംഗം നടത്തി. കൂവിയെ കുട്ടികളെക്കൊണ്ടു തന്നെ അച്ഛൻ കൈയടിപ്പിച്ചു. പക്ഷെ ഹെഡ്മാസ്റ്റർ വേദിയിലിരുന്ന് കരഞ്ഞു. അച്ഛൻ കടന്നുപോകുന്ന പ്രതിസന്ധികളെക്കുറിച്ച് ഹെഡ്മാസ്റ്റർക്ക് അറിയില്ലായിരുന്നു. ഏത് പ്രതിസന്ധിയേയും അതിജീവിക്കാനുള്ള കരുത്ത് അച്ഛനുണ്ടായിരുന്നു.

ക്രൈസിസ്

മാനേജർ

കെ.പി.എ.സിയുമായി പിണങ്ങിയ അച്ഛനും ഒ.എൻ.വിയും ദേവരാജൻ മാസ്റ്ററും ചേർന്ന് കാളിദാസ കലാകേന്ദ്രം രൂപീകരിച്ചു. കിളികൊല്ലൂർ എസ്.വി ടാക്കീസിലായിരുന്നു അരങ്ങേറ്റം. കെ.പി.എ.സിയോട് മൂവർക്കും ഒരു വൈരാഗ്യവും ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാമത്തെ നാടക ട്രൂപ്പാണ് കാളിദാസ കലാകേന്ദ്രമെന്നാണ് മൂവരും പറഞ്ഞിരുന്നത്. എന്നാൽ കെ.പി.എ.സിക്ക് എതിരെയുള്ള ട്രൂപ്പാണെന്നാണ് പുറത്തെ ധാരണ. അതുകൊണ്ടു തന്നെ അരങ്ങേറ്റ ദിവസം എസ്.വി ടാക്കീസിൽ തിങ്ങിനിറഞ്ഞവരിൽ ഭൂരിഭാഗവും നാടകം പൊളിയണമെന്ന് ആഗ്രഹമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ചെറിയ തെറ്റ് പറ്റിയാൽപ്പോലും ഇരുപത് കുടുംബങ്ങൾ പട്ടിണിയാകുമെന്നാണ് അച്ഛൻ പറഞ്ഞിരുന്നത്.

ഡോക്ട‌ർമാരുടെ നാടകമാണ്. സീനിയർ ഡോക്ടറായി അച്ഛനും ജൂനിയർ ഡോക്ടറായി കോട്ടയം സ്വദേശി ടി.കെ. ജോണും. അദ്ദേഹം പ്രധാനപ്പെട്ട റോളിലാണെങ്കിലും അരങ്ങിലെത്തുന്നത് ആദ്യമാണ്. കവിയൂർ പൊന്നമ്മ അടക്കമുള്ള പ്രഗത്ഭരായ അഭിനേതാക്കളുമുണ്ട്. മേക്കപ്പിനിടയിൽ ആരോ വന്ന് വിളിച്ചപ്പോൾ അച്ഛൻ റോഡിലേക്ക് ഇറങ്ങി. അങ്ങനെ സംസാരിച്ച് നിൽക്കുന്നതിനിടയിൽ മതിൽക്കെട്ടിനു പുറത്ത് റോഡിലൂടെ പരിചയമുള്ളൊരാൾ നടന്നുപോകുന്നു. നല്ല പരിചയമുള്ള നടത്തം. എതിരേ വന്ന ബസിന്റെ വെളിച്ചം അദ്ദേഹത്തിന്റെ മുഖത്ത് പതിച്ചപ്പോൾ ആളെ തിരിച്ചറിഞ്ഞു. ജൂനിയർ ഡോക്ടറായി അഭിനയിക്കേണ്ട ടി.കെ. ജോൺ ബസിൽ കയറി സ്ഥലം വിടാൻ പോകുന്നു. അച്ഛൻ മതിൽച്ചാടിക്കടന്ന് ടി.കെ. ജോണിനെ പിടികൂടി. അദ്ദേഹം പറഞ്ഞു: '' മാഞ്ചേട്ടാ... ഞാൻ ശരിയാകില്ല, ഞാനീ നാടകം പൊളിക്കും. ബാക്കിയുള്ളവരെല്ലാം നന്നായി അഭിനയിക്കുമ്പോൾ എന്റെ പോരായ്മ കാരണം നാടകം പൊളിയരുത്. നിങ്ങൾ നന്നായി അഭിനയിക്കുന്ന മറ്റൊരാളെ കണ്ടുപിടിക്ക്!""

തോൽക്കാത്ത

നേതൃപാടവം

കൊള്ളിയാൻ പോലെയാണ് ടി.കെ. ജോണിന്റെ വാക്കുകൾ അച്ഛൻ കേട്ടത്. നെഞ്ച് പടപടാ ഇടിച്ചിട്ടും അച്ഛൻ ആത്മവിശ്വാസം കൈവിട്ടില്ല. ജോൺ അഭിനയിക്കേണ്ട എന്നു പറഞ്ഞ് അച്ഛൻ അദ്ദേഹത്തെ ആശ്വസിപ്പിച്ച് സ്റ്റേജിലേക്ക് കൊണ്ടുവന്നു. പതിനഞ്ച് മിനിറ്റുകൊണ്ട് അദ്ദേഹത്തെ ബ്രെയിൻവാഷ് ചെയ്ത് പ്രചോദനം നൽകി. അദ്ദേഹം അരങ്ങിൽ തകർത്ത് അഭിനയിച്ചു. നാടകം സൂപ്പർ ഹിറ്റായി. ടി.കെ ജോൺ അറിയപ്പെടുന്ന നടനായി. അദ്ദേഹം പിന്നീട് സ്വന്തമായി നാടക ട്രൂപ്പുണ്ടാക്കി. പരിപൂർണ നാടകക്കാരനായി ജീവിച്ചുമരിച്ചു. ഇങ്ങനെ നാടകീയമായ ഒരുപാട് പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു അച്ഛന്റെ ജീവിതം. അന്ന് ബസ് കയറാൻ പോയ ടി.കെ. ജോൺ അച്ഛന്റെ കണ്ണിൽപ്പെട്ടില്ലായിരുന്നെങ്കിൽ കാളിദാസ കലാകേന്ദ്രം തകർന്നടിഞ്ഞേനെ. അച്ഛന്റെ പോരാട്ടങ്ങൾ ഓർക്കുമ്പോൾ നമ്മൾ നേരിടുന്നതെല്ലാം എത്ര നിസാരം.

അവിചാരിതം

'അച്ഛൻ"

ഒ. മാധവന്റെ ജന്മശതാബ്ദി വേളയിൽ കാളിദാസ കലാകേന്ദ്രം അരങ്ങിലെത്തിക്കുന്ന നാടകത്തിന് പേര് അവിചാരിതമായി 'അച്ഛൻ" എന്നായി. ഒ. മാധവന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും 'അച്ഛൻ" നാടകത്തിന്റെ അരങ്ങേറ്റവും ഇന്നു വൈകിട്ട് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും.