rod
കിഴക്കുംഭാഗം - ഓയിൽപാം റോഡ്

കടയ്‌ക്കൽ : ചിതറ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകൾ അതിർത്തി പങ്കിടുന്ന കിഴക്കുംഭാഗം - ഓയിൽപാം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് ഏകദേശം മൂന്ന് വർഷം പിന്നിടുന്നു. രാഷ്‌ട്രീയക്കാരായ പ്രമുഖർ ഉൾപ്പടെ യാത്ര ചെയ്യുന്ന ഈ റോഡിന് സമീപത്തെ വീടുകളിൽ ജലജീവൻ മിഷൻ പ്രകാരം കുടിവെള്ള കണക്ഷനുകൾ നൽകിയതിന് വെട്ടിപ്പൊളിച്ച കുഴികൾ ഇനിയും നികത്തിയിട്ടില്ല.

എണ്ണപ്പന തോട്ടത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഈ റോഡാണ് ആശ്രയിക്കുന്നത്. എന്നാൽ താരതമ്യേന അപ്രധാന റോഡുകൾ നവീകരിച്ചിട്ടും ഈ റോഡ് വിസ്‌മരിച്ചത് പ്രാദേശികമായ അവഗണനയാണെന്ന് നാട്ടുകാർ സംശയിക്കുന്നു.

രണ്ട് വാർഡുകൾക്കിടൽപ്പെടുന്ന റോഡായതിനാൽ വേണ്ട പരിഗണന കിട്ടുന്നില്ല.ഇരുചക്ര വാഹനങ്ങൾ മിക്കപ്പോഴും അപകടത്തിൽപ്പെടുന്നു.പഞ്ചായത്ത് ഫണ്ട് അപര്യാപ്‌‌തമാണെങ്കിൽ ബ്‌ളോക്ക് പഞ്ചായത്ത് ഉൾപ്പടെ ത്രിതല സംവിധാനത്തിൽ മുകളിൽ നിന്ന് ഫണ്ട് കണ്ടെത്താനാകും.

ജി. പ്രകാശ്

വൈസ് പ്രസിഡന്റ്

എസ്.എൻ.ഡി.പി യോഗം കൊച്ചാലുംമൂട്

3205 ാം നമ്പർ ശാഖ

വാട്ടർ കണക്ഷൻ നൽകിയതിനെ തുടർന്നുണ്ടായ കുഴികൾ നികത്തുന്നില്ല. റോഡിന് കുറുകെ കണക്ഷൻ നൽകിയ ഓരോ വീടിന് മുന്നിലും നിറുത്തിയാണ് വാഹനങ്ങൾ പോകുന്നത്.

എം. അനിൽകുമാർ

പച്ചക്കറി വ്യാപാരി

റോഡ് കടന്നുപോകുന്നത് രണ്ട് വാർഡിലൂടെയാണ്.രാഷ്‌ട്രീയം റോഡിന്റെ വികസനത്തെ ബാധിക്കുന്നതായി നാട്ടിൽ സംസാരമുണ്ട്. നവീകരണം ഉടൻ നടത്തണം.

ജി. വിക്രമൻ പിള്ള

ടെയ്‌ലർ

സരിതഭവൻ

വയലിറക്കം

കിഴക്കുംഭാഗം

കരാറുകാർ പ്രവ‌ൃത്തി ഏറ്റെടുക്കാത്തത് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. മന്ത്രി കൂടിയായ സ്ഥലം എം.എൽ. എ ജെ. ചിഞ്ചുറാണി ഫ്ലഡ് ഫണ്ടിൽ നിന്ന് 10 ലക്ഷം അനുവദിച്ചത് കരാർ എടുക്കാൻ ആളില്ലാത്തതിനാൽ ലാപ്‌സായി. വീണ്ടും 10 ലക്ഷം അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 8 ലക്ഷം കൂടി ചേർത്ത് ഈ റോഡ് ഉണ്ണിമുക്ക് - മാടൻകാവ് റോഡുമായി കണക്‌ടിവിറ്റിക്കാണ് ശ്രമിക്കുന്നത്. ടെണ്ടർ പ്രകാരം കരാർ എടുത്തില്ലെങ്കിലും ഓഫറിലൂടെ കരാറുകാരനെ കണ്ടെത്തി. പെരുമാറ്റചട്ടവും മഴയും കാലതാമസമുണ്ടാക്കി. ഇപ്പോഴത്തെ മഴ അവസാനിച്ചാൽ പണി ആരംഭിക്കും.

ആർ.എം.രജിത

മൂന്നാം വാർഡ് മെമ്പർ

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പഞ്ചായത്ത് തനത് ഫണ്ട് അനുവദിക്കാതിരുന്നത് പോരായ്‌മയായി. ഇപ്പോഴത്തെ മാറ്റം സ്വാഗതാർഹമാണ്.

ലക്ഷ്മി പ്രസാദ്

രണ്ടാം വാ‌ർഡ് മെമ്പർ