കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സിറിഞ്ചും ഗ്ലാസും അടക്കം ചികിത്സയ്ക്ക് അത്യാവശ്യമുള്ള സാധനങ്ങൾക്ക് വൻ ക്ഷാമം. ഇത്തരം സാധനങ്ങൾ ആവശ്യമുള്ളതിന്റെ പത്തിലൊന്ന് മാത്രമേ നിലവിൽ സ്റ്റോക്കുള്ളു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് ഓർഡറിന് ആനുപാതികമായി സാധനങ്ങൾ എത്തിക്കാത്തതാണ് പ്രശ്നം.

മരുന്നുകൾ നൽകാൻ ഞരമ്പിൽ കുത്തുന്ന കാനുല, ട്രിപ്പ് നൽകാൻ ഉപയോഗിക്കുന്ന ഐ.വി സെറ്റ്, കുത്തിവയ്പിന് ഉപയോഗിക്കുന്ന നീഡിൽ എന്നിവയ്ക്കും ക്ഷാമമാണ്. കാഷ്വാലിറ്റിയിലും വാർഡുകളിലും മാത്രമല്ല, ഐ.സി.യുവിലുള്ള രോഗികളുടെ ബന്ധുക്കൾക്ക് പോലും ഇത്തരം സാധനങ്ങൾ പുറത്ത് നിന്ന് വാങ്ങാൻ കുറിപ്പടി നൽകുകയാണ്. ലോക്കൽ പർച്ചേസ് നടത്തിയും മറ്റ് ആശുപത്രികളിൽ നിന്നും വായ്പയായി വാങ്ങിയുമാണ് ഓപ്പറേഷൻ തീയേറ്ററുകളിൽ ഇവ ഉപയോഗിക്കുന്നത്. സർജറി ബ്ലേഡിനും ഏറെക്കാലമായുണ്ടായിരുന്ന ക്ഷാമം അടുത്തിടെയാണ് പരിഹരിച്ചത്.

നഴ്സുമാർക്കും ക്ഷാമം

ആവശ്യത്തിന് നഴ്സിംഗ് ജീവനക്കാരില്ലാത്തതിനാൽ മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സയിലുള്ള രോഗികൾക്ക് കൃത്യമായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. വാർഡുകളിൽ കുറഞ്ഞത് ആറ് രോഗികൾക്ക് ഒരു നഴ്സ് വീതം വേണമെന്നാണ് ചട്ടം. എന്നാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 52 രോഗികൾക്ക് ഒരു നഴ്സ് മാത്രമാണുള്ളത്. വാർഡിലുള്ള രണ്ട് രോഗികളുടെ ആരോഗ്യനില ഒരേസമയം വഷളായാൽ ആകെ പ്രശ്നമാകും. കഴിഞ്ഞ ദിവസം പുതുതായി രണ്ട് സൂപ്പർ സ്പെഷ്യാലിറ്റി വാർഡുകൾ തുടങ്ങിയെങ്കിലും രോഗികൾ നിറയുമ്പോൾ പരിചരിക്കാൻ ആളില്ലാതെ സ്ഥിതി വഷളാകും.

പണിയെടുക്കാൻ ആളില്ല

 വേണ്ടത് 6 രോഗികൾക്ക് ഒരു നഴ്സ്

 ഇപ്പോൾ 52 രോഗികൾക്ക് ഒരു നഴ്സ്
 രണ്ട് വാ‌ർഡുകൾക്ക് ഒരു നഴ്സിംഗ് അസിസ്റ്റന്റ്

 ആവശ്യത്തിന് ശുചീകരണ ജീവനക്കാരുമില്ല

 താത്കാലിക നിയമനത്തിനും നടപടിയില്ല

 രോഗികൾ വർദ്ധിച്ചെങ്കിലും പുതിയ തസ്തികകളില്ല

ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രശ്നത്തിന് പരിഹാരമാകും. കാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടവർ പുറത്തുനിന്ന് വാങ്ങുന്നതിന്റെ ബിൽ നൽകിയാൽ പണം തിരികെ ലഭിക്കും.

മെഡിക്കൽ കോളേജ് അധികൃതർ