കൊല്ലം: നഗരഹൃദയത്തിൽ പൂവിട്ട് കായ്ച്ച് അപൂർവ വൃക്ഷമായ ശിവകുണ്ഡലം. കെ.എസ്.ഇ.ബി കൊല്ലം കന്റോൺമെന്റ് സെക്ഷൻ ഓഫീസ് വളപ്പിലാണ് തിരിച്ചറിയപ്പെടാതെ അപൂർവ വൃക്ഷം തലയുയർത്തി നിൽക്കുന്നത്.
ആഫ്രിക്കയിൽ വ്യാപകമായി വളരുന്ന ശിവകുണ്ഡലം കേരളത്തിൽ ചുരുക്കം സ്ഥലങ്ങളിലേയുള്ളു. ഔഷധ ഗുണമുള്ള കായ് ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ആഫ്രിക്കൽ ബിയർ നിർമ്മാണത്തിനും കായ് ഉപയോഗിക്കുന്നുണ്ട്. രാത്രിയിൽ വിടരുന്ന ചുവന്ന നിറത്തിലുള്ള ഇതിന്റെ പൂവിന് നല്ല ഗന്ധമാണ്. അഫ്രിക്കൻ കാടുകളിലെ മൃഗങ്ങളുടെ പ്രധാന ഭക്ഷണ വിഭവമാണ് ശിവകുണ്ഡലത്തിന്റെ കായ. പക്ഷികളും കഴിക്കാറുണ്ട്.
കിഗോലിയ ആഫ്രിക്കാന എന്നാണ് ഈ വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം. വേനൽക്കാലത്ത് ഇലപൊഴിക്കുന്ന ഈ വൃക്ഷം മഴക്കാലത്താണ് പൂവിടുന്നത്. താഴേക്ക് നീണ്ടുവളരുന്ന വള്ളികളിലാണ് പൂവ് വിടർന്ന് കായ് പിടിക്കുന്നത്. ശിവന്റെ കഴുത്തിലെ കുണ്ഡലങ്ങൾക്ക് സമാനമായ രൂപത്തിലുള്ള കായകൾ പിടിക്കുന്നതിനാലാണ് ഈ വൃക്ഷത്തിന് കേരളത്തിൽ ശിവകുണ്ഡലം എന്ന പേരുവന്നത്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകയും അപൂർവ സസ്യയിനങ്ങളുടെ സംരക്ഷകയുമായ ചവറ സ്വദേശിനി എസ്.സരസ്വതി അമ്മയാണ് കന്റോൺമെന്റ് സെക്ഷൻ വളപ്പിൽ നിൽക്കുന്ന അപൂർവ വൃക്ഷം തിരിച്ചറിഞ്ഞത്. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയായ സരസ്വതി അമ്മ അടുത്തിടെ കന്റോൺമെന്റ് സെക്ഷൻ ഓഫീസിൽ എത്തിയപ്പോഴാണ് ശിവകുണ്ഡലം ശ്രദ്ധയിൽപ്പെട്ടത്.