നീലേശ്വരം -കോടതി സമുച്ചയം റോഡിന്
20.80 കോടി രൂപ
കൊട്ടാരക്കര: കൊട്ടാരക്കര- പുത്തൂർ റോഡിൽ കോട്ടാത്തല പത്തടി കലുങ്ക് അപകടാവസ്ഥയിൽ. അടിസ്ഥാനത്തെ കരിങ്കല്ലുകൾ ഇളകിത്തുടങ്ങി. ബലപ്പെടുത്തൽ ജോലികൾ നടത്തിയില്ലെങ്കിൽ സമീപ ഭാവിയിൽ കലുങ്ക് പൂർണമായും തകർന്നേക്കാം. ടോറസ് ലോറികളും എപ്പോഴും ബസ് സർവീസുമുള്ള തിരക്കേറിയ റോഡിലെ കലുങ്കിനാണ് അപകടാവസ്ഥ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട മുതൽ - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണത്തിനായി 20.80 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയിൽ പത്തടി കലുങ്കിന്റെ കാര്യം അധികൃതർ മറന്നു. റോഡിലെ മറ്റ് കലുങ്കുകളെല്ലാം പുനർ നിർമ്മിക്കുകയും ചെയ്തു. ഈ പദ്ധതിയുടെ നിർമ്മാണ ജോലികൾ ഇപ്പോഴും പൂർത്തിയായിട്ടുമില്ല. ടാർ ചെയ്ത ഭാഗമൊക്കെ വീണ്ടും കുണ്ടും കുഴിയുമായി മാറി.
വെള്ളം ഉയർന്നാൽ അപകടം
പറമ്പിൽ ഏലാവഴി, പണയിൽ- പത്തടി തോട്ടിലൂടെ വലിയ തോതിൽ വെള്ളമെത്തിയാൽ പത്തടി കലുങ്കിന് ദോഷകരമാണ്. പെരുമഴക്കാലത്ത് ഇവിടെ വെള്ളം ഉയരാറുണ്ട്. കലുങ്കിന്റെ ഭാഗത്ത് തോടിന് മുൻപ് വലിയ വീതിയുണ്ടായിരുന്നു. ലോറികളടക്കം ഇവിടെ ഇറക്കി കഴുകുന്നത് പതിവായിരുന്നു. കൈയ്യേറ്റങ്ങളിലൂടെ തോടിന്റെ വീതി കുറഞ്ഞു. ഇപ്പോൾ വാഹനങ്ങളൊന്നും ഇവിടേക്ക് ഇറക്കാനും കഴിയില്ല. തോട്ടിൽ കുത്തൊഴുക്കുണ്ടായാലും വീതിയുള്ള ഭാഗത്തെത്തുമ്പോൾ ഒഴുക്കിന്റെ ശക്തി കുറയും. അതുകൊണ്ടുതന്നെ നേരത്തെ കലുങ്കിന് ഭീഷണിയുണ്ടായിരുന്നില്ല.
സംരക്ഷണ ഭിത്തികളും തകർച്ചയിൽ
പത്തടി കലുങ്ക് മുതൽ പണയിൽ ജംഗ്ഷൻ വരെ റോഡും തോടും അതിരിടുന്ന സംരക്ഷണ ഭിത്തി തകർച്ചയിലാണ്. ചില ഭാഗങ്ങൾ നേരത്തെ ഇടിഞ്ഞു തള്ളിയത് പുനർ നിർമ്മിച്ചിരുന്നു. ശേഷിക്കുന്ന ഭാഗം അപകടാവസ്ഥയിലുമാണ്.