accused-jomon
പ്രതി ജോമോൻ

കൊല്ലം: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തലവൂർ അരിങ്ങട ചരുവിള പുത്തൻവീട്ടിൽ മിനിയെ (50) കൊലപ്പെടുത്തിയ കേസിലാണ് മകൻ ജോമോന് (30) കൊല്ലം അഡീഷണൽ സെഷൻസ് കോടതി അഞ്ച് ജഡ്ജ് ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്.

2023 ജൂലായ് 23ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര ചെങ്ങമനാട് ജംഗ്ഷനിലായിരുന്നു സംഭവം. കലയപുരത്തെ ആശ്രയ സങ്കേതത്തിൽ അന്തേവാസിയായിരുന്ന അമ്മ മിനിയെ ജോമോൻ ബൈക്കിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. തുടർന്ന് ആശുപത്രിയിൽ പോകാനെന്ന വ്യാജേന ചെങ്ങമനാട് ജംഗ്ഷനിൽ ബൈക്ക് നിറുത്തിയ ശേഷം ജോമോൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊട്ടാരക്കര സ്‌റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന വി.എസ്.പ്രശാന്താണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയകമലാസനൻ ഹാജരായി.