photo

 പരിക്കേറ്റ മുത്തച്ഛൻ ഗുരുതരാവസ്ഥയിൽ

കൊല്ലം: കുണ്ടറ പടപ്പക്കരയിൽ മകൻ അമ്മയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. പടപ്പക്കര പു‌ഷ്‌പ വിലാസത്തിൽ പുഷ്‌പലതയാണ് (45) മരിച്ചത്. തലയ്‌ക്കടിയേറ്റ നിലയിൽ കണ്ടെത്തിയ പുഷ്‌പലതയുടെ പിതാവ് ആന്റണിയെ (75) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രതി അഖിൽകുമാറിനായി (25) പൊലീസ് തെരച്ചിൽ ആരംഭിച്ചു.

ഇന്നലെ രാവിലെ 11.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 10ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് മകൻ ഉപദ്രവിക്കുന്നതായി പുഷ്‌പലത പരാതിപ്പെട്ടിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അഖിൽകുമാറിനെ ചോദ്യം ചെയ്‌ത് താക്കീത് നൽകി പോയശേഷമാണ് സംഭവം. കിടപ്പുമുറിയിൽ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്‌ത് മടങ്ങിയ ശേഷമുണ്ടായ വഴക്കിനിടെ അഖിൽ അമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തടയാനെത്തിയപ്പോഴാണ് ആന്റണിയുടെ തലയ്‌ക്കടിച്ചത്. രക്തം വാർന്നാണ് പുഷ്‌പലതയുടെ മരണം.

കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക വീട്ടിൽ നിന്ന് കണ്ടെടുത്തു. പഞ്ചാബിൽ എം.ബി.എയ്ക്ക് പഠിക്കുന്ന മകൾ അഖില ഇന്നലെ രാവിലെ പുഷ്‌പലതയെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ബന്ധുവീട്ടിൽ വിളിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ഇവരെത്തുമ്പോൾ വീട് തുറന്നുകിടക്കുകയായിരുന്നു. വിളിച്ചിട്ട് ആരും പുറത്തേക്ക് വരാത്തതിനാൽ അകത്തുകയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തൊട്ടടുത്ത മുറിയിൽ പരിക്കേറ്റ നിലയിൽ ആന്റണിയേയും കണ്ടെത്തി. തുടർന്ന് കുണ്ടറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അമിതമായി ലഹരി ഉപയോഗിക്കുന്നയാളാണ് അഖിൽകുമാറെന്ന് പൊലീസ് പറഞ്ഞു. റൂറൽ എസ്.പി കെ.എം. സാബുമാത്യു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.