കൊല്ലം: പരവൂർ റെയിൽവേ സ്റ്റേഷനിൽ വിവിധ നിർമ്മാണ പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. സ്റ്റേഷനിലെ പഴയ റൂഫീംഗ് മാറ്റി പുതിയ ഷീറ്റ് സ്ഥാപിക്കും. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിൽ 1870 ചതുരശ്ര മീറ്റർ പ്ലാറ്റ്‌ഫോം ഷെൽറ്ററുകൾക്കുളള സൗകര്യമൊരുക്കും. ഇന്റഗ്രേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം ആരംഭിക്കുന്നതിനുളള നടപടികൾ അന്തിമഘട്ടത്തിലാണ്. എം.പിയുടെ ആവശ്യത്തെ തുടർന്ന് ജൂൺ ഒന്നു മുതൽ ലഘുഭക്ഷണ വിതരണ സ്റ്റാൾ ആരംഭിച്ചിരുന്നു.
ഒന്നാം പ്ലാറ്റ്‌ഫോമിൽ വാട്ടർ കൂളറും രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിൽ ആവശ്യാനുസരണം കൂടിവെള്ളം ലഭിക്കുന്ന ടാപ്പുകളും സ്ഥാപിച്ചു. ടൊയ്ലറ്റ് കോംപ്ലക്‌സും പാർക്കിംഗും ഏർപ്പെടുത്താൻ കരാർ ക്ഷണിച്ചിട്ടുണ്ട്. 2024-25 ലെ റെയിൽവേ പ്രവർത്തികളുടെ പട്ടികയിൽ പരവൂർ സ്റ്റേഷൻ റോഡ് നന്നാക്കുന്നത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എം.പിയെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് രേഖാമൂലം അറിയിച്ചു.