കൊല്ലം: സീസണൽ വ്യവസായമായിട്ടും കശുഅണ്ടി തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം നിഷേധിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ആരോപിച്ചു. ഹാജരിന്റെ പേരിൽ ഇ.എസ്.ഐ നിഷേധിക്കുന്നത് നീതീകരിക്കാനാവില്ല. കൊല്ലം എം.പി എസ്.കൃഷ്ണകുമാർ കേന്ദ്ര മന്ത്രിയായിരുന്ന കാലത്ത് ഐ.എൻ.ടി.യു.സിയുടെ ശ്രമഫലമായി കശുഅണ്ടി തൊഴിലാളികൾക്ക് ഹാജർ ഇളവ് അനുവദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടന്ന സമര സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്ത് ഇന്ത്യൻ ക്യാഷു വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്ടനുമായ ശൂരനാട് എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി തുടങ്ങിയവർ സംസാരിച്ചു. സമര സന്ദേശയാത്ര ജില്ലയിലെ വിവിധ ഫാക്ടറികൾ സന്ദർശിച്ചു.