കൊല്ലം: കോടതിയിൽ ഹാജരാക്കുന്നതിനിടെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ കഞ്ചാവ് വിൽപ്പന നടത്തിയതിന് ബംഗളൂരു പൊലീസിന്റെ പിടിയിലായി. പരവൂർ കൂനയിൽ തോട്ടുംകര തൊടിയിൽ വീട്ടിൽ അഭിജിത്തിനെയാണ് (21, വേട്ട അഭിജിത്ത്) ബംഗളൂരു രാം നഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജീപ്പിൽ കയറ്റുന്നതിനിടെ പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അരകിലോമീറ്ററോളം പിന്തുടർന്ന് സാഹസികമായി കീഴ്പ്പെടുത്തി. അഭിജിത്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് വെസ്റ്റ് പൊലീസ് കർണാടക പൊലീസിനും കൈമാറിയിരുന്നു. കേസ് വിവരങ്ങൾ പൊലീസിന്റെ ഏകീകൃത സോഫ്ട്‌വെയറിൽ അപ്‌ലോഡ് ചെയ്യുന്നതിനിടയിൽ കൊല്ലം വെസ്റ്റ് പൊലീസും പരവൂർ പൊലീസും രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ രാംനഗർ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ക്രൈം കാർഡിലെയും ലുക്ക് ഔട്ട് നോട്ടീസിലെയും ഫോട്ടോകൾ ഒത്തുനോക്കിയാണ് അഭിജിത്തിനെ തിരിച്ചറിഞ്ഞത്. ഉടൻ വിവരം വെസ്റ്റ് പൊലീസിന് കൈമാറി.
കൊല്ലത്ത് നിന്നുള്ള പൊലീസ് സംഘം ബംഗളൂരു പൊലീസിന്റെ പക്കൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൊല്ലം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അശ്ലീല പദപ്രയോഗം നടത്തിയ ഇയാളെ കഴിഞ്ഞ രണ്ടിനാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.30നാണ് അഭിജിത്ത് കോടതിയിൽ നിന്ന് കടന്നുകളഞ്ഞത്. പ്രതിയെ റിമാൻഡ് ചെയ്തു.