മൺറോത്തുരുത്ത്: മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ ഓരോന്നായി പൂർത്തീകരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതിയുടെ മെരിറ്റ് ഈവനിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പ്ലാറ്റ്ഫോമുകളുടെയും പാർക്കിംഗ് ഏരിയയുടെയും നിർമ്മാണം പൂർത്തിയായി. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് മേൽപ്പാലം നിർമ്മിക്കാൻ രണ്ടരക്കോടി രൂപയുടെ കരാറായി.നാഗ്പൂർ ആസ്ഥാനമായ കമ്പനിയാണ് കരാർ എടുത്തത്. മണ്ണ് പരിശോധനാ ഫലം ലഭിച്ചാലുടൻ നിർമ്മാണം ആരംഭിക്കും. 24 കോച്ചുകൾ നിറുത്താവുന്ന രീതിയിൽ പ്ലാറ്റ്ഫോമുകളുടെ നിർമ്മാണം നടത്താനുള്ള ഡിസൈൻ പൂർത്തിയാക്കി അംഗീകാരത്തിന് നൽകിയിരിക്കുകയാണ്. ഗുരുവായൂർ മധുര ട്രെയിനിന്റെ സ്റ്റോപ്പ് ഉടൻ പുന:സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. ചടങ്ങ് ഡി.സി.സി.പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ തുടങ്ങിയവർ സംസാരിച്ചു.