കൊല്ലം: ബി.എസ്.എൻ.എൽ റിട്ട. ജനറൽ മാനേജർ പാപ്പച്ചനെ കൊലപ്പെടുത്താൻ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ സരിതയും എക്സിക്യുട്ടീവായ അനൂപും ക്വട്ടേഷൻ സംഘാംഗം അനിമോനുമായി ഗൂഢാലോചന നടത്തിയ സ്ഥലത്ത് പ്രതികളുമായെത്തി തെളിവെടുപ്പ് നടത്തി.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ആശ്രാമം മൈതാനത്തിന് സമീപത്തെ ബാറിന് സമീപമായിരുന്നു തെളിവെടുപ്പ്. മേയ് 18ന് സരിതയുടെ നിർദ്ദേശപ്രകാരമാണ് അനിമോൻ സ്ഥലെത്തെത്തിയത്. അനൂപിനെ പാപ്പച്ചന്റെ മകനായി പരിചയപ്പെടുത്തിയാണ് ക്വട്ടേഷൻ ഉറപ്പിച്ചത്. അനൂപിന് പാപ്പച്ചനോട് സ്വത്ത് നൽകാത്തത്തിന്റെ വൈരാഗ്യമെന്നാണ് സരിത അനിമോനോട് പറഞ്ഞിരുന്നത്. കൊലപാതക ശേഷമാണ് അനൂപ് പാപ്പച്ചന്റെ മകനല്ലെന്ന് അനിമോൻ തിരിച്ചറിഞ്ഞത്. പ്രതികൾ സ്ഥലത്തെത്തിയതിന്റെ നിരീക്ഷണ കാമറ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം ഈസ്റ്റ് സി.ഐ എൽ.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

അനൂപിന്റെ ബൈക്ക് കണ്ടെടുത്തു

മേയ് 23ന് പാപ്പച്ചനൊപ്പം അനൂപ് സഞ്ചരിച്ച ബൈക്ക് കാവനാട്ടെ വീട്ടിൽ നിന്ന് ഇന്നലെ കണ്ടെടുത്തു. സാമ്പത്തിക പ്രശ്നം ഒത്തുതീർപ്പാക്കാനെന്ന വ്യാജേനയാണ് പാപ്പച്ചനെ അനൂപും സരിതയും ചേർന്ന് ആശ്രാമത്തേക്ക് വിളിച്ചുവരുത്തിയത്. ശങ്കേഴ്സിനടുത്തുള്ള വീട്ടിൽ നിന്ന് സൈക്കളിലാണ് പാപ്പച്ചൻ വന്നത്. ആശ്രാമത്ത് എത്തിയപ്പോൾ ക്വട്ടേഷൻ സംഘത്തിന് തിരിച്ചറിയാനായി അനൂപ് ബൈക്കിൽ ഒപ്പം കൂടി. ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന് സമീപം അനിമോൻ കാറുമായി കാത്തുകിടന്ന സ്ഥലത്ത് എത്തിയപ്പോൾ അനൂപ് വേഗത്തിൽ മുന്നോട്ടുപോയി. അതിന് പിന്നാലെ അനിമോൻ കാർ വേഗത്തിൽ മുന്നോട്ടെടുത്ത് പാപ്പച്ചനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിറുത്താതെ മുന്നോട്ടുപോവുകയായിരുന്നു. അനൂപ് പാപ്പച്ചന് സമാന്തരമായ ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ നിരീക്ഷണ കാമറ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൈയക്ഷരം ശേഖരിച്ചു

കഴിഞ്ഞ രണ്ട് ദിവസമായി അനൂപിന്റെയും സരിതയുടെയും കൈയക്ഷരം അന്വേഷണ സംഘം ശേഖരിച്ചു. പാപ്പച്ചനെ കബിളിപ്പിച്ച് കൈവശപ്പെടുത്തിയ ചെക്ക് ഉപയോഗിച്ചാണ് ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് അദ്ദേഹത്തിന്റെ പേരിൽ വായ്പയെടുത്തത്. ഇക്കാര്യം സ്ഥിരീകരിക്കാൻ കൈയക്ഷരങ്ങൾ തെളിവാക്കും.