കൊല്ലം: കോടതിയിൽ വിചാരണയ്ക്ക് എത്തിച്ച പ്രതി ആത്മഹത്യ ഭീഷണി മുഴക്കി. വിയ്യൂർ സെൻട്രൽ ജയിലിൽ പോക്‌സോ കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന കടമ്പാട്ടുകോണം മിഥുൻ ഭവനിൽ മിഥുനാണ് (27) കൊല്ലം അഡീഷണൽ സെഷൻസ് കോടതി അഞ്ചിൽ ജഡ്ജി ബിന്ദു സുധാകറിന് മുന്നിൽ ആത്മഹത്യഭീഷണി മുഴക്കിയത്.
ഇന്നലെ രാവിലെ 11.30നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 2018ൽ പാരിപ്പള്ളി പൊലീസിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ നാല് മാസം മുമ്പാണ് ശിക്ഷിച്ചത്. ഇതിനിടെയാണ് ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയ്ക്കായി മിഥുനെ രണ്ട് പൊലീസുകാർക്കൊപ്പം കൊല്ലത്തെത്തിച്ചത്.
കോടതി മുറിക്കുള്ളിൽ പ്രവേശിച്ചപ്പോഴേക്ക് ഇയാൾ ജഡ്ജിക്ക് മുന്നിൽ അസ്വാഭാവികത പ്രകടിപ്പിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടർന്ന് തിരികെ തന്നെ വിയ്യൂരിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ജഡ്ജിക്ക് മുന്നിൽ പറഞ്ഞു.
തുടർന്ന് ഇയാളെ തിരികെ പൊലീസ് സുരക്ഷയിൽ വിയ്യൂരെത്തിക്കാൻ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് നിർദ്ദേശം നൽകി. വിചാരണ നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് ക്യാമ്പിൽ നിന്ന് പൊലീസ് വാഹനം കോടതിയിലെത്തിച്ചു. മിഥുൻ ലഹരിയ്ക്കടിമയാണെന്നും ലഹരി ലഭിക്കാത്തതിലുള്ള വിഭ്രാന്തിയിലാണ് കോടതിയിൽ കാണിച്ചതെന്നും പൊലീസ് പറഞ്ഞു. എ.ആർ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസിനെയും സ്ഥലത്തെത്തിച്ചു. ഇവരുടെ നേതൃത്വത്തിൽ മിഥുനെ വിയ്യൂരെത്തിച്ചു.