psc-
പി. എസ്.സി.പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അമ്മയും മകളും

തൊടിയൂർ: അമ്മയും മകളും ഒരുമിച്ച് ഒരേ സ്കൂളിൽ പി.എസ്.സി പരീക്ഷ എഴുതി. ഇന്നലെ പി.എസ്. സി നടത്തിയ എൽ.ഡി ക്ലാർക്ക് പരീക്ഷയാണ് രഞ്ജിനിയും മകൾ കീർത്തനയും ചവറ ശങ്കരമംഗലം ഗവ.ബോയ്സ് ഹൈസ്കൂളിൽ രണ്ടു ക്ലാസ് റൂമുകളിൽ ഒരേ സമയം എഴുതിയത്. രഞ്ജിനിക്ക് പി.എസ്.സി പരീക്ഷ എഴുതാനുള്ള അവസാന അവസാരമായിരുന്നു . കീർത്തനയുടെ ആദ്യത്തെയും.

രഞ്ജിനിക്ക് ബിരുദ പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. മകൾ കീർത്തന ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിൽ ബി.കോം അവസാന വർഷ വിദ്യാർത്ഥിയാണ്.

തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് കരുണാലയത്തിൻ രഞ്ജിനി കഴിഞ്ഞ 18 വർഷമായി പുലിയൂർ വഞ്ചി ഇ.എം.എസ് സാംസ്കാരിക വനിത ലൈബ്രറിയിൽ ലൈബ്രേറിയനാണ്.

നീരാവിൽ നവോദയം ഗ്രന്ഥശാല ഏർപ്പെടുത്തിയിട്ടുള്ള മികച്ച ഗ്രാമീണ ലൈബ്രേറിയനുള്ള പ്രൊഫ.കല്ലട രാമചന്ദ്രൻ സ്മാരക അവാർഡ് 2017-ൽ രഞ്നിക്ക് ലഭിച്ചിരുന്നു. ബെന്യാമിന്റെ 'ആടുജീവിതം' പുലിയൂർ വഞ്ചി ഗ്രാമത്തിലെ വനിതകളെക്കൊണ്ട് വായിപ്പിക്കുകയും അതുവഴി അവരെ വായനയുടെ ലോകത്തേക്ക് നയിക്കുകയും ചെയ്തതാണ് രഞ്ജിനിയെ പുരസ്കാരത്തിനർഹയാക്കിയത്. രഞ്ജിനി പുസ്തകങ്ങളുമായി വീടുകളിലേക്ക് എന്ന തലക്കെട്ടിൽ അന്ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് കേരള കൗമുദി ലേഖകൻ ജയചന്ദ്രൻ തൊടിയൂർ പ്രസിദ്ധീകരിച്ച മായുന്ന കാഴ്ചകൾ എന്ന പുസ്തകത്തിൽ രഞ്ജിനിയുടെ കഥ ഉൾപ്പെടുത്തുകയും ചെയ്തു. പൊതു പ്രവർത്തകനായ സന്തോഷാണ് രഞ്ജിനിയുടെ ഭർത്താവ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ പ്രാർത്ഥന മകളാണ്.