കരുനാഗപ്പള്ളി : വയനാട് ജനതയെ സഹായിക്കാൻ വേറിട്ട സഹായ പദ്ധതിയുമായി ഗ്രന്ഥശാല പ്രവർത്തകർ. വെള്ളനാതുരുത്ത് ഫ്രീഡം ലൈബ്രറിയുടെ പ്രവർത്തകരാണ് വേറിട്ട പ്രവർത്തനവുമായി രംഗത്ത് എത്തിയത്. ഗ്രന്ഥശാലയിലെ അംഗങ്ങളും പ്രവർത്തകരും അടങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിൽ നിന്ന് ഇന്നലെ ലഭിച്ച മീനാണ് വിൽപ്പനയ്ക്കായി കരുനാഗപ്പള്ളി ടൗണിൽ എത്തിച്ചത്. അയലയും ചൂടയും ചെങ്കലവയും എല്ലാം ഇഷ്ടം പോലെ വന്നവർക്ക് കുറഞ്ഞ വിലക്ക് ലഭിച്ചു. തുക മുഴുവൻ വയനാട്ടിലെ ദുരിതബാധിതർക്കായി നൽകി. ചലച്ചിത്ര നടനും ഗ്രന്ഥശാലാ യുവജനവേദി പ്രവർത്തകനുമായ അബിൻ ബിനോയും വനിതാ വേദി പ്രവർത്തകരും വൈകിട്ട് മൂന്നുമണിയോടെ കരുനാഗപ്പള്ളി ടൗണിൽ മീൻ പെട്ടികളുമായി എത്തി കച്ചവടത്തിന് തുടക്കം കുറിച്ചു. ഗ്രന്ഥശാല പ്രവർത്തകരുടെ സഹായ പദ്ധതിക്ക് അഭിവാദ്യമേകാൻ മന്ത്രി കെ.എൻ. ബാലഗോപാലും എത്തിയതോടെ പ്രവർത്തകരും ആവേശത്തിലായി. എം.എൽ.എമാരായ സി.ആർ. മഹേഷ്, കോവൂർ കുഞ്ഞുമോൻ,നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ജില്ലാ പഞ്ചായത്ത് അംഗം വസന്താ രമേശ്, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ശോഭന, റെജി ഫോട്ടോപാർക്ക്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.അനിരുദ്ധൻ, ഷെർളി ശ്രീകുമാർ, മുൻ കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ഗ്രന്ഥശാല പ്രസിഡന്റ് ബി.എ. ബ്രിജിത്ത്, സെക്രട്ടറി ഡി.ഹരിലാൽ, മണിലാൽ, ഗോകുൽ, രതീഷ്, അഖിൽ, സജിത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മത്സ്യ വ്യാപാരം.