കൊല്ലം: പാഠ്യപുസ്തകങ്ങൾക്കൊപ്പം മറ്റ് വായനയെ ആസ്വാദ്യകരമായ അനുഭവമാക്കി തീർക്കാൻ കുട്ടികൾ പ്രത്യേക ശ്രദ്ധവയ്ക്കണമെന്ന് ജില്ലാ കളക്ടർ എൻ.ദേവിദാസ് പറഞ്ഞു. നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ സ്വാതന്ത്ര്യ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്.ബൈജു അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.നാസർ, ക്വിസ് മാസ്റ്റർമാരായ പി.രാജേഷ് ബാബു, ആർ.രതീഷ്ചന്ദ്രൻ, ബാലകലാവേദി ഭാരവാഹികളായ അമയ, പ്രാർത്ഥന ഗ്രന്ഥശാലാ കമ്മിറ്റിയംഗം വി.ബിജു എന്നിവർ സംസാരിച്ചു.
ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരത്തിൽ ശിവഹരി-ശ്രീറാം ഹരികുമാർ എന്നിവരടങ്ങിയ അയ്യൻകോയിക്കൽ ജി.എച്ച്.എസ്.എസ് ടീം ഒന്നാം സ്ഥാനം നേടി. ഡി.ദിലീഷ്‌കുമാർ സ്മാരക എവർറോളിംഗ് ട്രോഫിക്ക് അർഹരായി. പ്രാക്കുളം എൻ.എസ്.എസ് എച്ച്.എസ്.എസിലെ അക്ഷയ് പി.പിള്ള-ചിത്തര എസ്.ആർ, തേവന്നൂർ ജി.എച്ച്.എസ്.എസിലെ ജ്യോതിക സുനിൽ - നിരുപമ സംഗീത് എന്നിവരടിങ്ങിയ ടീമുകൾക്കാണ് രണ്ടും മൂന്നും സ്ഥാനം. പന്ത്രണ്ട് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് അവാർഡും ബഹുമതി പത്രവും പുസ്തക സമ്മാനവും ജില്ലാകളക്ടർ എൻ.ദേവിദാസ് സമ്മാനിച്ചു.
ചടങ്ങിൽ ജില്ലാ കളക്ടറുടെ ഭാര്യ ഹൈസ്‌കൂൾ അദ്ധ്യാപികയായ ജീജാ, ഏകമകൾ ഒമ്പതാം ക്ലാസുകാരി ദേവീമിത്ര എന്നിവരും പങ്കെടുത്തു. സമ്മാനത്തുക ടീമുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. മുഖ്യാതിഥി കളക്ടർ എൻ.ദേവീദാസ് തുക ഏറ്റുവാങ്ങി.