കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ 170 -ം ജയന്തി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിൽ ആഘോഷിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി യൂണിയൻ പ്രസിഡന്റ് കെ.സുശീലനും സെക്രട്ടറി എ.സോമരാജനും അറിയിച്ചു. വയനാട് ദുരന്തത്തോടുള്ള ആദരസൂചകമായി ആ‌ർഭാടങ്ങളില്ലാതെയാണ് ഇത്തവണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ 8ന് യൂണിയൻ ആസ്ഥാനത്ത് പീതപതാക ഉയർത്തി ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലനും സെക്രട്ടറി എ.സോമരാജനും ഭദ്രദീപം തെളിക്കും. തുടർന്ന് ഓച്ചിറ ശ്രീനാരായണ മഠത്തിലും പ്രത്യേക പൂജകളും ഗുരുദേവ ഭാഗവത പാരായണവും ഉണ്ടായിരിക്കും. യൂണിയന്റെ പരിധിയിൽ വരുന്ന 68 ശാഖകളിലും ആർഭാട രഹിതമായി ചതയദിനം ആഘോഷിക്കും.