□യു.ടി.യു.സി സംസ്ഥാന സമ്മേളനത്തിന് സമാപനം
കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയപാർട്ടിക്ക് എത്രത്തോളം തരംതാഴാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് വടകരയിലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ കാഫിർ വിവാദമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. യു.ടി.യു.സി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം കൊണ്ടുവരുന്ന തൊഴിലാളി വിരുദ്ധ നിയമങ്ങൾ നടപ്പാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങൾ സാവകാശം തേടുമ്പോൾ സംസ്ഥാന സർക്കാർ അവ നടപ്പാക്കി തൊഴിലാളികളെ വഞ്ചിക്കുകയാണ്. ലേബർ കോഡിലും സാമൂഹിക സുരക്ഷാ കോഡിലുമുള്ള വ്യവസ്ഥകൾ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്നതും ക്ഷേമം വെട്ടിക്കുറയ്ക്കുന്നതുമാണെന്നും
ഷിബു ബേബിജോൺ കൂട്ടിച്ചേർത്തു.
ബി.ജെ.പിക്കെതിരെ സംസാരിച്ചാൽ ഹിന്ദു വിരുദ്ധതയായി ചിത്രീകരിക്കുകയാണെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.വിഭാഗീയതയും പ്രീണനവും അവസരത്തിനനുസരിച്ച് സംസ്ഥാനത്ത് സി.പി.എം നടപ്പാക്കുകയാണെന്നും അദദേഹം പറഞ്ഞു.യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ അദ്ധ്യക്ഷനായി. കെ.എസ്.വേണുഗോപാൽ, അഡ്വ. ടി.സി.വിജയൻ, കെ.സിസിലി, ഉല്ലാസ് കോവൂർ, കെ.ജി.വിജയ ദേവൻ പിള്ള എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പുതിയ ഭാരവാഹികളായി ബാബു ദിവാകരൻ ( പ്രസിഡന്റ്), കെ.ചന്ദ്രബാബു, കെ.ജയകുമാർ, തോമസ് ജോസഫ്, ജി.ബേബി, ഗോവിന്ദൻ നമ്പൂതിരി (വൈസ് പ്രസിഡന്റ്), അഡ്വ. ടി.സി.വിജയൻ (സെക്രട്ടറി), മനോജ് മോൻ (ട്രഷറർ), എം.എസ്.ഷൗക്കത്ത്, സജി.ഡി.ആനന്ദ്, മുണ്ടക്കയം സോമൻ, എം.കെ.എ.അസീസ്, സി.എസ്.രമേശൻ, നന്ദകുമാർ എന്നിവരടങ്ങുന്ന 15 അംഗ എക്‌സി. കമ്മിറ്റിയെയും 61 അംഗ സംസ്ഥാന കമ്മിറ്റിയെയും 101 അംഗ സംസ്ഥാന കൗൺസിലിനെയും തിരഞ്ഞെടുത്തു.