കൊല്ലം: ആശ്രാമം ലിങ്ക് റോഡിലെ നവീകരണ പ്രവർത്തനങ്ങൾ ഇഴയുന്നതി​നാൽ യാത്രക്കാർ ദുരി​തത്തി​ൽ. കഴി​ഞ്ഞ മാർച്ചി​ലാണ് നവീകരണം ആരംഭിച്ചത്. തുടക്കത്തി​ൽ വേഗം മുന്നേറി​യ പ്രവൃത്തി​കൾ പി​ന്നീട് ഒച്ചി​ഴയും പോലെയായി​.

ലിങ്ക് റോഡിന്റെ 900 മീറ്ററാണ്, 10 കോടി ചെലവിൽ നിലവിലെ നിരപ്പിൽ നിന്ന് ഉയർത്തി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ മാതൃക റോഡാക്കി​ മാറ്റുന്നത്. 500 മീറ്റർ ഭാഗത്തെ മണ്ണ് ജിയോസെല്ലുകൾ ഉപയോഗിച്ച് ബലപ്പെടുത്തലും പദ്ധതി​യി​ലുണ്ട്.
റോഡ് പണിയുടെ ഭാഗമായി കുഴിച്ച ഇടങ്ങൾ മൂടാത്തതും ഓടയ്ക്കായി റോഡ് പൊളിച്ചതും റോഡ് നിറയെ കുഴികൾ നിറഞ്ഞതുമാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിന് മുൻവശം മുതൽ കെ.എസ്.ആർ.ടി.സി ഗാരേജിന് മുൻവശം വരെയുള്ള ഒരു കിലോമീറ്റർ പൊട്ടി​പ്പൊളി​ഞ്ഞ നി​ലയി​ലാണ്.

ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കെ.എസ്.ആർ.ടി.സി, ക്രൈംബ്രാഞ്ച് ഓഫീസ്, ഹോക്കി സ്‌റ്റേഡിയം, അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, കടപ്പാക്കട എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്നത് പതിവാണ്. ലിങ്ക് റോഡിനോട് ചേർന്നുള്ള ഭാഗത്തെ നടപ്പാതയും കൈവരിയും ഇളക്കി​യി​ട്ടി​ട്ട് മാസങ്ങളായി​. നി​ർമ്മാണത്തി​നെത്തി​ച്ച മെറ്റൽ റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. മഴ പെയ്താൽ റോഡും കുഴിയും തിരിച്ചറിയാനാകാത്ത വി​ധം വെള്ളം നിറയും. ലിങ്ക് റോഡിന്റെ പണി എത്രയും വേഗം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്നാണ് നാടി​ന്റെ ആവശ്യം.

സാമൂഹ്യവിരുദ്ധ ശല്ല്യവും

ലിങ്ക് റോഡിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതി​നാൽ രാത്രിയാത്ര ഏറെ ദുഷ്‌കരമാണ്. വാഹനങ്ങളുടെ വെളിച്ചത്തിൽ മാത്രമാണ് ഇതുവഴി സഞ്ചരിക്കാനാവുന്നത്. ഇരുട്ടിന്റെ മറവിൽ ഇവിടെ സാമുഹ്യ വിരുദ്ധ ശല്ല്യം രൂക്ഷമാണെന്നും ആക്ഷേപമുണ്ട്. ലഹരിസംഘങ്ങൾ ഉൾപ്പെടെ ലിങ്ക് റോഡിൽ തമ്പടിക്കുന്നുണ്ട്. ഇരുചക്രവാഹന യാത്രക്കാരെ വഴിയിൽ തടഞ്ഞ് നിറുത്തി പണം തട്ടുന്നുവെന്ന പരാതിയുമുണ്ട്. പൊലീസ് പട്രോളിംഗ് ശക്തമല്ലാത്തതാണ് അക്രമി​കൾക്ക് സഹായകരമാവുന്നത്.