കൊട്ടാരക്കര: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കാസർകോട് ഹോസ്ദുർഗ് കാഞ്ഞങ്ങാട് സൗത്ത് കണ്ടത്തിൽ ഷംന മൻസിലിൽ റഷ്ഫാലിനെയാണ് (22) കൊല്ലം റൂറൽ സൈബർ പൊലീസ് കാസർകോട് നിന്ന് അറസ്റ്റ് ചെയ്തത്.
അഞ്ചൽ സ്വദേശിയിൽ നിന്ന് വിവിധ കമ്പനികളുടെ ഇനിഷ്യയൽ പബ്ലിക് ഓഫറിംഗ്സ് (ഐ.പി.ഒ) അലോട്ട്മെന്റ് തരപ്പെടുത്തി ഓൺലൈൻ ട്രേഡിംഗ് നടത്തി ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ബാങ്ക് അക്കൗണ്ടുകൾ തരപ്പെടുത്തി ചെക്ക് മുഖേന തട്ടിപ്പ് പണം പിൻവലിച്ച് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് റഷ്ഫാൽ.
പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയേഷ് ജയപാൽ, സിവിൽ പൊലീസ് ഓഫീസർ രാജേഷ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.