കുണ്ടറ: പടപ്പക്കരയിൽ വീട്ടമ്മയായ പുഷ്പ വിലാസത്തിൽ പുഷ്പലതയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അഖിൽകുമാറിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
അഖിൽകുമാർ ജില്ല വിട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പടപ്പക്കര, കുണ്ടറ, സിറ്റി പരിധികളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുഷ്പലതയുടെ അച്ഛൻ ആന്റണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലയിലേറ്റ പരിക്കാണ് മരണകാരണമെന്നാണ് പുഷ്പലതയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്.
ഇന്നലെയാണ് പുഷ്പലതയെ മുറിയ്ക്കുള്ളിൽ മരിച്ച നിലയിലും ആന്റണിയെ ഗുരുതര പരിക്കുകളോടെയും നാട്ടുകാർ കണ്ടെത്തിയത്. ലഹരിക്ക് അടിമയായ അഖിൽ വീട്ടിൽ അതിക്രമം കാട്ടുന്നത് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. ചോദിച്ച പണം നൽകിയില്ലെന്ന് ആരോപിച്ചാണ് അഖിൽ പുഷ്പലതയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പുഷ്പലതയുടെ മൃതദേഹം സംസ്‌കരിച്ചു.