കൊല്ലം: വയനാട് ദുരന്തബാധിതരിൽ ഇരുപത്തഞ്ച് പേർക്ക് സ്വകാര്യ ബസ് ഉടമകളുടെ ഫെഡറേഷൻ വീട് നിർമ്മിച്ചുനൽകുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വീട് നിർമ്മാണത്തിനുള്ള പണം കണ്ടെത്താൻ ഈമാസം 22 നകം എല്ലാ ജില്ലകളിലും കാരുണ്യയാത്ര നടത്തി ഫണ്ട് സ്വരൂപിക്കും. ജില്ലയിലെ സ്വകാര്യ ബസുകളും 22ന് കാരുണ്യയാത്ര നടത്തും. ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ഡി.രവി, വൈസ് പ്രസിഡന്റുമാരായ കുമ്പളത്ത് രാജേന്ദ്രൻ, ബി.ബാലചന്ദ്രൻപിള്ള, ജോയിന്റ് സെക്രട്ടറിമാരായ ഡി.മഞ്ചുദാസ്, സി.മുരളീധരൻ പിള്ള, ട്രഷറർ വി.ശശിധരൻപിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.