അഞ്ചാലുംമൂട്: കുരീപ്പുഴയുടെ വിവിധ ഭാഗങ്ങളിലുള്ളവർ തെരുവ് നായ ശല്ല്യം മൂലം പുറത്തിറങ്ങാനാവാത്ത അവസ്ഥയിൽ.

സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ അതിക്രമങ്ങൾക്ക് ഇരയായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല.

കുരീപ്പുഴ പാണാമുക്കം, അയ്യൻകോയിക്കൽ, കൊച്ചാലുംമൂട്, പ്ലാവറക്കാവ്, ഇലവൺ ആർട്സ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പരിസരം, കുരീപ്പുഴ മുസ്ലീം പള്ളി പരിസരം എന്നിവിടങ്ങളിലാണ് ശല്ല്യം രൂക്ഷമായിരിക്കുന്നത്. കുരീപ്പുഴയ്ക്ക് പുറമേ നീരാവിൽ ഭാഗത്തേക്കുള്ള റോഡിലും നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത് ഭീഷണിയാണ്. ഒരു ഗവ. യു.പി സ്‌കൂളും രണ്ട് സ്വകാര്യ സ്‌കൂളുകളും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും ഉൾപ്പെടുന്ന പ്രദേശമാണ് കുരീപ്പുഴ. നിരവധി വിദ്യാർത്ഥികളാണ് രാവിലെയും വൈകിട്ടും ഈ വഴികളിലൂടെ സഞ്ചരിക്കുന്നത്.

സ്വകാര്യ സ്‌കൂളിലെ കുട്ടികൾ പ്രധാനമായും സ്‌കൂൾ ബസുകളെ ആശ്രയിച്ച് സ്‌കൂളിൽ സുരക്ഷിതമായി എത്തുമ്പോൾ, ഗവ. സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കാൽനടയായും സൈക്കിളിലുമാണ് സഞ്ചരിക്കുന്നത്. ഇവർക്ക് നേരേ തെരുവ് നായ്ക്കൾ പാഞ്ഞടുക്കുന്നത് പതിവാണ്. വിദ്യാർത്ഥികളുടെ നിലവിളികേട്ട് നാട്ടുകാരും സമീപത്തെ ഓട്ടോറിക്ഷക്കാരുമെത്തിയാണ് ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്നത്.

ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ തെരുവ് നായ്ക്കൾ പാഞ്ഞടുക്കുമ്പോൾ, വാഹനത്തിന്റെ നിയന്ത്രണം തെറ്റി വീണ് പരിക്കേൽക്കുന്നവരും ഏറെയാണ്. വൈകുന്നേരങ്ങളിൽ വീടിന് മുന്നിൽ കളിക്കുന്ന കുട്ടികൾക്ക് നേരെയും നായ്ക്കളുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. എത്രയും വേഗം നായ ശല്ല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം

നായ്ക്കളെ വളർത്തി മാലിന്യം

ബൈപ്പാസിലും വിവിധ പ്രദേശങ്ങളിലും രാത്രിയുടെ മറവിൽ ഇറച്ചി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളുന്നതാണ് നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണം. നാട്ടുകാർ പരാതി പറയുമ്പോൾ പേരിന് മാത്രം രണ്ട് മൂന്ന് നായ്ക്കളെ പിടികൂടുക മാത്രമാണ് അധികൃതർ ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.


രാത്രിയിൽ ശല്ല്യം രൂക്ഷം

സന്ധ്യ മയങ്ങിയാൽ കുരീപ്പുഴ ബൈപ്പാസ്, പാണമുക്കം, തെക്കേഭാഗം എന്നിവിടങ്ങളിൽ കാൽനടയായോ വാഹനങ്ങളിലോ സഞ്ചരിക്കാനാവാത്ത സ്ഥിതിയുണ്ട്. രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്ന കുട്ടികൾ നായ്ക്കളെ ഭയന്നാണ് സഞ്ചരിക്കുന്നത്.

നഗരത്തിലെ വിവിധ വ്യാപാര ശാലകളിൽ നിന്ന് ജോലികഴിഞ്ഞ് രാത്രിയിൽ ഇറങ്ങുന്ന സ്ത്രീകളും ആക്രമണത്തിന് ഇരയാവുന്നുണ്ട്.