കൊല്ലം: പ്രായമേറിയവരും കുട്ടികളും അടക്കം നൂറുകണക്കിന് പേർ പതിവായെത്തുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിവളപ്പിൽ തമ്പടിച്ചിരിക്കുന്നത് എൺപതോളം തെരുവുനായ്ക്കൾ. പേ വിഷ പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ ആശുപത്രി വളപ്പിലെത്തിയ ജില്ലാ വെറ്ററിനറി സംഘം ഇവിടെ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കളെ കണ്ട് ഞെട്ടി.
അടുത്തിടെ ആശുപത്രി ജീവനക്കാരന് കടിയേറ്റ സംഭവവുമുണ്ടായിട്ടുണ്ട്. ഇതിനിടെ വായിൽ നിന്ന് ഉമിനീർ ഒഴുകി അവശനിലയിലായ നായ്ക്കൾ ചത്തുതുടങ്ങുകയും ചെയ്തതോടെ ഡോക്ടർമാരടക്കം ഭീതിയിലായി. ഇതോടെയാണ് ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി.ഷൈൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്.
ചത്ത നായ്ക്കളെ കൊല്ലത്തെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് പേവിഷ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. വെറ്ററിനറി സർജൻമാരും ഡോഗ് ക്യാച്ചർമാരും അടങ്ങുന്ന സംഘം ആശുപത്രി വളപ്പിൽ നിന്ന് 26 ഓളം തെരുവുനായ്ക്കളെ പിടികൂടി പേവിഷ പ്രതിരോധ കുത്തുവയ്പ് നൽകി.
അവശനിലയിലായിരുന്ന നായ്ക്കളെ പരിശോധിച്ച് കനൈൻ ഡിസ്റ്റംപർ എന്ന വൈറസ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.
ഡോ. ഡി.ഷൈൻകുമാറിന് പുറമേ ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. ആർ.ഗീതാറാണി, ഡോ. എസ്.ഷീജ, ഡോ. ആര്യ സുലോചനൻ, എസ്.പി.സി.എ ഇൻസ്പെക്ടർ റിജു, നിഹാസ്, ഷിബു, പ്രകാശ്, അജിത്ത് മുരളി എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
നായ്ക്കളുടെ കണ്ണിൽ നിന്ന് സ്രവമെടുത്ത് പരിശോധന നടത്തിയാണ് കനൈൻ ഡിസ്റ്റംപർ രോഗം കണ്ടെത്തിയത്. ഫലപ്രദമായ ചികിത്സയില്ലാത്ത രോഗമാണിത്.
ഡോ. ഡി.ഷൈൻകുമാർ
ചീഫ് വെറ്ററിനറി ഓഫീസർ