കൊല്ലം: തീപിടിത്തത്തെ തുടർന്ന് ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന സിവിൽ സ്‌റ്റേഷൻ പോസ്‌റ്റ് ഓഫീസ് അടിയന്തരമായി തുറക്കാൻ നടപടി വേണമെന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. എം.എം.ഹുമയൂൺ കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചു.
ജില്ലാ കളക്‌ടർ, സിറ്റി പൊലീസ് ചീഫ്, ചീഫ് പോസ്‌റ്റൽ ഹെഡ്, കൊല്ലം വെസ്‌റ്റ് എസ്.എച്ച്.ഒ എന്നിവരെ എതിർകക്ഷികളാക്കി ഫയൽ ചെയ്‌ത നോട്ടീസിലാണ് കേസ് 21ന് പരിഗണിക്കാൻ ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്‌സണും സബ് ജഡ്‌ജിയുമായ ജിഷ മുകുന്ദൻ അടിയന്തര നോട്ടീസ് അയച്ചത്. ശാസ്‌ത്രീയ അന്വേഷണത്തിന്റെ പേരിൽ പോസ്‌റ്റ് ഓഫീസ് ദീർഘനാളായി അടച്ചിട്ടിരിക്കുന്നത് കളക്‌ടറേറ്റിലെയും കോടതികളകിലെയും തപാൽ ഉരുപ്പടികളുടെ നീക്കത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് അഭിഭാഷകൻ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചത്.