ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ മെമ്മോറിയൽ ചാത്തന്നൂർ യൂണിയനിൽ ശ്രീ നാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി ഇന്ന് ലളിതമായ ചടങ്ങുകളോടെ ആഘോഷിക്കും.
വൈകിട്ട് 4ന് കാരംകോട് എംപയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജയന്തി സമ്മേളനവും പ്രതിഭാ സംഗമവും പി.എസ്.സി മുൻ ചെയർമാനും കാലടി സർവകലാശാല മുൻ വി.സിയുമായ ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. 54 ശാഖായയോഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. പി.ജി, ഡിഗ്രി വിഷയങ്ങളിൽ റാങ്ക് നേടിയവർ, ഡോക്ടറേറ്റ് നേടിയവർ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ കളിൽ ഫുൾ എ പ്ലസ് നേടിയവർ, കലാ കായിക മേഖലയിൽ മികവ് പുലർത്തിയവർ, വനിതാ സംഘം കേന്ദ്ര സമിതി നടത്തിയ കലോത്സവത്തിൽ വിജയിച്ചവർ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിക്കും. എസ്.എൻ കോളേജ് പ്രിൻസിപ്പൽ എസ്. അംജിത്, എസ്.എൻ പോളിടെക്‌നിക് പ്രിൻസിപ്പൽ വി. സന്ദീപ്, എസ്.എൻ.ടി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എസ്. പ്രിയദർശിനി, എസ്.എൻ.ടി ഐ.ടി.ഐ പ്രിൻസിപ്പൽ കനകജ എന്നിവർ അവാർഡുകൾ വിതരണം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജ്ജീവ്, വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത്, യൂത്ത് മൂവ്മെന്റ് ചെയർമാൻ അശ്വിൻ അശോക്, കൺവീനർ ജെ. ആരോമൽ, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ നന്ദിയും പറയും.