കൊല്ലം: ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തുകളുടെയും നിർമ്മാണ പദ്ധതികൾ വേഗത്തിലാക്കാൻ ടീം സിവിൽ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പദ്ധതികളുടെ ഏകോപനത്തിന് ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ബി.ടെക് സിവിൽ എൻജിനിയറിംഗ് പാസായവരെ അപ്രന്റീസുകളായി നിയോഗിക്കുന്നതാണ് പദ്ധതി.
ഈ സാമ്പത്തികവർഷം പട്ടികജാതി വിഭാഗത്തിലെ നൂറ് സിവിൽ എൻജിനിയറിംഗ് ബിരുദധാരികളെയാകും നിയോഗിക്കുക. എൻജിനിയറിംഗ് വിഭാഗത്തിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ നിർമ്മാണ പദ്ധതികളാകെ ഇഴയുകയാണ്. അതുകൊണ്ട് തന്നെ വാർഷിക പദ്ധതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്ന വൻതുക എല്ലാ വർഷവും പാഴാവുകയാണ്.
ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളുടെ പദ്ധതികൾക്ക് പുറമേ എം.പിമാരുടെയും എം.എൽ.എമാരുടെയും ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുടെയും നിർവഹണ ചുമതല പഞ്ചായത്തുകളിലെ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർക്കാണ്. അമിത ജോലിഭാരം കാരണം പല പദ്ധതികളുടെയും എസ്റ്റിമേറ്റിൽ പിഴവ് സംഭവിക്കുന്നതിന് പുറമേ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാനാകുന്നില്ല. ഈ അവസ്ഥയ്ക്ക് പരിഹാരം കാണുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം.
എൻജി. അപ്രന്റീസുമാർക്ക് അവസരം
നിയമനം പട്ടികജാതി വിഭാഗത്തിലെ 100 പേർക്ക്
നിയമന കാലാവധി ഒരു വർഷം
പിന്നീട് ആറുമാസം സോഫ്ട്‌വെയർ പരിശീലനം
പ്രായോഗിക പരിശീലനത്തിലൂടെ തൊഴിലിന് യോഗ്യരാകും
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾക്കും അനുഗ്രഹം
പദ്ധതി നിർവഹണം കാര്യക്ഷമമാകും
73 പദ്ധതികൾക്ക് അംഗീകാരം
ജില്ലാ പഞ്ചായത്തിന്റെ 73 പദ്ധതികൾക്ക് ഇന്നലെ ചേർന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. പ്ലാൻ ഫണ്ടിനത്തിൽ 73.26 കോടിയുടെയും മെയിന്റനൻസ് ഗ്രാൻഡിനത്തിൽ 29.17 കോടിയുടെയും സെൻട്രൽ ഫിനാൻസ് കമ്മിഷൻ ഗ്രാൻഡിനത്തിൽ 30.76 കോടിയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.