കൊല്ലം: വർഷം മുഴുവനും കുറഞ്ഞ ചെലവിൽ ക്ഷീരകർഷകർക്ക് ഗുണമേന്മയുള്ള തീറ്റപ്പുല്ല് ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരകർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് തിരുവനന്തപുരം മേഖലാ യൂണിയൻ നടപ്പാക്കിവരുന്ന കന്നുകാലികൾക്കുള്ള വേനൽക്കാല ഇൻഷ്വറൻസ് പദ്ധതിയടക്കമുള്ള വിവിധ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ബി.ഗണേഷ് കുമാർ അദ്ധ്യക്ഷനായി. തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണിവിശ്വനാഥ്, ഡയറക്ടർമാരായ പി.ജി.വാസുദേവൻ ഉണ്ണി, കെ.ആർ.മോഹനൻപിള്ള, ടി.ഗോപാലകൃഷ്ണ പിള്ള, ജെ.മെഹർ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, തിരുവനന്തപുരം മേഖലാ യൂണിയൻ മാനേജിംഗ് ഡയറക്ടർ ഡോ.പി.മുരളി, കൊല്ലം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മഹേഷ് നാരായണൻ, കൊല്ലം ഡയറി മാനേജർ ഡോ. ജി.ജോർജ് പുത്തൻവീട്ടിൽ എന്നിവർ പങ്കെടുത്തു.