കൊല്ലം: വയനാട് ദുരന്തബാധിതരെ സഹായിക്കാൻ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പത്തുലക്ഷം രൂപയിൽ കുറയാത്ത തുക യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറുമെന്ന് യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ പറഞ്ഞു.

കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ചരിത്രം തിരുത്തിക്കുറിക്കുന്ന ഘോഷയാത്രയും സമ്മേളനവുമാണ് ഗുരുദേവന്റെ മഹാജയന്തി ദിനത്തിൽ എല്ലാ വർഷവും കൊല്ലത്ത് നടത്താറുള്ളത്. പൂർവാധികം ഭംഗിയായി ഇത്തവണത്തെ മഹാജയന്തി ആഘോഷം സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ കൊല്ലത്ത് ആരംഭിച്ചതുമാണ്. എന്നാൽ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ മഹാജയന്തി ആഘോഷം ഒഴിവാക്കാൻ കൊല്ലം യൂണിയൻ കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു. മഹാജയന്തി വിപുലമാക്കാൻ യൂണിയനിലെ 77 ശാഖകളും പോഷകസംഘടനകളും സമാഹരിച്ച തുക ദുരന്തബാധിതർക്കായി യോഗം ജനറൽ സെക്രട്ടറി വഴി കൈമാറുമെന്നും എൻ.രാജേന്ദ്രൻ പറഞ്ഞു.