പുനലൂർ: സ്വത്രന്ത്യദിനാഘോഷ പരിപാടികളുടെ ഭാഗമായി പുനലൂർ ശബരിഗിരി സ്കൂളിന്റെയും സ്പോട്ടിഫിറ്റ്ജൻ ബാംഗ്ലൂരിന്റെയും നേതൃത്വത്തിൽ പുനലൂർ സിറ്റി മാരത്തോൺ-2024 സംഘടിപ്പിക്കുന്നു. 26ന് രാവിലെ 6ന് സ്കൂളിൽ നിന്ന് ആരംഭിക്കുന്ന മാരത്തോണിൽ പൊതു ജനങ്ങളെയും കായിക താരങ്ങളെയും കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കുമെന്ന് സ്കൂൾ ചെയർമാൻ ഡോ.വി.കെ. ജയകുമാർ, ഡയറക്ടർ അരുൺ ദിവാകർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാലക്കാട് തൃശൂർ, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് എത്തുന്ന 14 പെൺകുട്ടികൾ അടക്കം 600ൽ അധികം കായിക താരങ്ങൾ മാരത്തോണിൽ പങ്കെടുക്കും. 4 കിലോമീറ്റർ, 6കിലോമീറ്റർ, 9കിലോമീറ്റർ ,14 കിലോമീറ്റർ ദൂരങ്ങളിലായി 4 ഇനങ്ങളിലായിട്ടാണ് മാരത്തോൺ സംഘടിപ്പിച്ചിട്ടുള്ളത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 5000, മൂന്നാം സ്ഥാനം നേടുന്നവർക്ക് 3000 എന്നിങ്ങനെ സമ്മാനം നൽകുന്നതിന് പുറമെ അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പൊലീസ്, ആരോഗ്യ വിഭാഗം ജീവനക്കാരുടെ സംരക്ഷണയോടെയാണ് മാരത്തോൺ സംഘടിപ്പിച്ചിട്ടുള്ളത്. പുനലൂർ ഡിവൈ.എസ്.പി , സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ തുടങ്ങിയവർ മാരത്തോണിന് ഫ്ലാഗ് ഒഫ് ചെയ്യും. രാവിലെ 8ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമാപന യോഗം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ ചടങ്ങിൽ സംസാരിക്കും. മാരത്തോണിന്റെ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. പ്രിൻസിപ്പൽ എം.ആർ.രശ്മി , ക്ലാപ്ടൻ കെ.സുരേഷ് , രാജീവ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.