കരുനാഗപ്പള്ളി: നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. കരുനാഗപ്പള്ളി ടൗണിൽ എസ്.ബി.എം ഹോസ്പിറ്റലിന് കിഴക്കുവശം മുതൽ തെക്കോട്ട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയുള്ള സ്ഥലത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ നഗരസഭ അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധ സമരം. കരാർ ലംഘനം നടത്തിയ ലേബർ കോൺട്രാക്ട് സംഘത്തിന്റെ കരാർ നഷ്ടോത്തരവാദിത്വത്തിൽ അവസാനിപ്പിച്ച് റീ ടെണ്ടർ നൽകണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഉപരോധ സമരം യു.ഡി.എഫ് നഗരസഭസഭ പാർലമെന്ററി പാർട്ടി ലീഡർ എം.അൻസാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ അഡ്വ.ടി.പി.സലിംകുമാർ, സിംലാൽ, റഹിയാനത്ത് ബീവി, യു.ഡി.എഫ് നേതാക്കളായ എൻ.അജയകുമാർ, സുരേഷ് പനക്കുളങ്ങര, പി.സോമരാജൻ, ആർ.ദേവരാജൻ, എസ്.ജയകുമാർ, മുഹമ്മദ് ഹുസൈൻ, ബി.മോഹൻദാസ്, രതീദേവി, ഉല്ലാസ്, രമേശൻ, അമ്പുവിള സലാഹ്, നൂർമുഹമ്മദ്, ജയദേവൻ, രാജേന്ദ്രൻ, സന്തോഷ്ബാബു, തിരുവാലിൽ അഷറഫ്, ഹാരീസ് തുടങ്ങിയവർ സംസാരിച്ചു.