കൊല്ലം: കൊല്ലംകാർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വമാണ് ഒ.മാധവന്റേതെന്ന് അടൂർ പ്രകാശ് എം.പി. ഒ.മാധവന്റെ നൂറാം ജന്മവാർഷികവും കാളിദാസ കലാകേന്ദ്രത്തിന്റെ 61-ാമത് നാടകമായ അച്ഛൻ എന്ന നാടകത്തിന്റെ പ്രദർശന ഉദ്ഘാടനവും സോപാനം ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കലയെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് എക്കാലത്തും കൊല്ലത്തെ ആസ്വാദകർ. താൻ വിദ്യാർത്ഥിയായി എസ്.എൻ കോളേജിലെത്തിയ അവസരത്തിൽ അന്നും കാളിദാസ കലാകേന്ദ്രത്തെക്കുറിച്ച് കേൾക്കാനും മനസിലാക്കാനും സാധിച്ചിട്ടുണ്ട്.

രാഷ്ട്രീയ രംഗത്ത് പല അവസരങ്ങളും ലഭ്യമായപ്പോൾ ഒ.മാധവന്റെ പ്രതിമ കോളേജ് ജംഗ്ഷനിൽ സ്ഥാപിക്കണമെന്ന ആവശ്യം നിറവേറ്റാൻ കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. കലയെ കൊല്ലംകാർ എങ്ങനെ ആസ്വദിക്കുന്നുവെന്നതിന്റെ പ്രധാന തെളിവാണ് നാടകം കാണാനെത്തിയ നിറഞ്ഞ സദസിലൂടെ മനസിലാക്കാനാകുന്നതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനായി. ആർട്ടിസ്റ്റ് സുജാതൻ, നാടക കലാകാരന്മാരായ വർമ്മ അരീന, വക്കം ഷക്കീർ, ഗാനരചയിതാവ് ഷിബു പിരപ്പൻകോട്, അശോക് ശശി എന്നിവരെ വേദിയിൽ ആദരിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സി.ആർ.മഹേഷ് എം.എൽ.എ, കെ.ഇ.ഇസ്മയിൽ, ഒ.മാധവന്റെ കുടുംബാംഗങ്ങളായ വിജയകുമാരി, എം.മുകേഷ് എം.എൽ.എ, സന്ധ്യ രാജേന്ദ്രൻ, ഇ.എ.രാജേന്ദ്രൻ, ദിവ്യദർശൻ, ജയശ്രീ എന്നിവരും മെഡിട്രീന ആശുപത്രി എം.ഡി ഡോ.പ്രതാപ്കുമാർ, കൊല്ലം ഫാസ് ഫൈൻ ആർട്‌സ് സൊസൈറ്റി സെക്രട്ടറി പ്രദീപ് ആശ്രാമം എന്നിവർ പങ്കെടുത്തു. അനുസ്മരണസമ്മേളനത്തിന് ശേഷം രണ്ട് മണിക്കൂർ ദൈർഘ്യമുള്ള നാടകം അരങ്ങേറി.