കൊല്ലം: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സ്‌നേഹത്തിന്റെ ചായക്കട തുറന്നു. ചിന്നക്കട ബസ് ബേയിൽ ആരംഭിച്ച ചായക്കടയുടെ ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ നിർവഹിച്ചു. 'ഇഷ്ടമുള്ളത് കഴിക്കാം കുടിക്കാം ഇഷ്ടമുള്ളത് നൽകാം വയനാടിന്' എന്ന പേരിലാണ് ചായക്കടയുടെ പ്രവർത്തനം.
ആറു ദിവസങ്ങളിലായി ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. വരും ദിവസങ്ങളിൽ കലാ-സാംസ്‌കാരിക - രാഷ്ട്രീയ - സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചായക്കടയിലെത്തുമെന്ന് സംഘാടകർ അറിയിച്ചു.
രണ്ടാം ദിവസത്തെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. നൂറ്കണക്കിന് ആളുകളാണ് വയനാടിനായുള്ള ഉദ്യമത്തിൽ സംഭാവന നൽകിയത്. യൂണിയൻ ഏരിയ പ്രസിഡന്റ് വിമൽദേവ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി പി.കെ.സുധീർ, യൂണിയൻ ജില്ലാ സെക്രട്ടറി ജി.മുരളീധരൻ, ട്രഷറർ സുജ ചന്ദ്രബാബു, സി.ഐ.ടി.യു കൊല്ലം ഏരിയ സെക്രട്ടറി ജി.ആനന്ദൻ, ജില്ലാ കമ്മിറ്റിഅംഗം ജെ.ഷാജി എന്നിവർ നേതൃത്വം നൽകി.