ss

കൊല്ലം: അച്ഛൻ ഗിന്നസ് ഡോൾഫിൻ രതീഷിൽ നിന്ന് പകർന്നുകിട്ടിയ നീന്തൽപാഠങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുകയാണ് എട്ടാം ക്ലാസുകാരനായ കരുനാഗപ്പള്ളി തുറയിൽകുന്ന് കോവശേരിയിൽ യദുകൃഷ്ണൻ (13). അഞ്ച് മുതൽ 26 വയസുവരെയുള്ളവരാണ് യദുവിന്റെ ശിഷ്യർ.

അഞ്ചാം വയസിലാണ് യദു നീന്തൽ പഠിച്ചത്. വീടിന് സമീപത്തെ ജലാശയങ്ങളിലായിരുന്നു പഠനം. കഴിഞ്ഞ മൂന്ന് വർഷമായി പരിശീലകനുമാണ്. ജലാശയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും നീന്തലിന്റെ പ്രാധാന്യവും ഒക്കെ പറഞ്ഞുകൊടുത്താണ് പരിശീലനം.

സ്കൂൾ വിട്ടുവന്നാലുടൻ ശിഷ്യരുടെ അടുത്തേക്ക് യദു ഓടിയെത്തും. സ്കൂളിൽ പോകേണ്ട ദിവസങ്ങളിൽ വൈകിട്ട് 4.30 മുതൽ 5.30 വരെയും ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് ക്ലാസ്.

കരുനാഗപ്പള്ളി തുറയിൽ കുന്നിലാണ് പരിശീലനകേന്ദ്രം. കരുനാഗപ്പള്ളി ജോൺ.എഫ് കെന്നടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പഠനത്തോടൊപ്പം നീന്തൽ മത്സരങ്ങളിലും സജീവമാണ് യദു. അമ്മ നിജയും അഞ്ച് വർഷമായി നീന്തൽ പരിശീലകയാണ്. ഇളയ സഹോദരൻ എട്ടുവയസുകാരൻ നീരദും നീന്തൽ രംഗത്തേക്കുള്ള തയ്യാറെടുപ്പിലാണ്.

നീന്തൽ കുടുംബക്കാര്യം

 യദുവിന്റെ അച്ഛൻ ഗിന്നസ് ഡോൾഫിൻ രതീഷ് സാഹസിക നീന്തൽ താരവും ലൈഫ് ഗാർഡും

 22 വർഷമായി രതീഷ് നീന്തൽ പരിശീലനരംഗത്ത്

 രതീഷിന്റെ ഭാര്യ നിജയും ബന്ധു രുദ്ര‌യും പരിശീലകർ

 ഡി.ആർ സ്വിമ്മിംഗ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിശീലനം

ഇതിനോടകം പരിശീലനം നൽകിയത്

4000 ഓളം പേർക്ക്

അച്ഛനിൽ നിന്നാണ് നീന്തൽ പഠിച്ചത്. നീന്തൽ പഠിപ്പിക്കുമ്പോൾ ഒരുപാട് സന്തോഷവും അഭിമാനവുമാണ്.

യദുകൃഷ്ണൻ

ജലാശയങ്ങളിലെ മുങ്ങിമരണങ്ങളിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് സർക്കാർ മുഖംതിരിക്കുകയാണ്.

ഗിന്നസ് ഡോൾഫിൻ രതീഷ്