കൊല്ലം: ട്രെയിനിൽ പാഴ്സലായി അയച്ച പത്തുലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പിടികൂടി. വസ്ത്രങ്ങളെന്ന പേരിൽ 315 കിലോ തൂക്കമുള്ള ഏഴ് ബണ്ടിൽ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

ബണ്ടിൽ ഏറ്റുവാങ്ങാനെത്തിയ ആറ്റിങ്ങൽ നയനവിളാകം വിളയിൽ മൂലയിൽ അഖിലാണ് (35) പിടിയിലായത്. ഒഴാഴ്ച മുമ്പാണ് നിരോധിത പുകയില ഉത്പന്നങ്ങൾ നിറച്ച ബണ്ടിലുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് നടത്തിയ പ്രത്യേക പരിശോധനയിൽ സംശയം തോന്നിയ ബണ്ടിലുകൾ ആർ.പി.എഫ് നിരീക്ഷണത്തിലാക്കി.

ഇന്നലെ അഖിൽ പാഴ്സൽ ഏറ്റുവാങ്ങാനെത്തിയപ്പോൾ ആർ.പി.എഫ് ബണ്ടിലുകൾ പൊട്ടിച്ച് പരിശോധിക്കുകയായിരുന്നു. കാർബോർഡ് പെട്ടിക്കുള്ളിൽ ചാക്കുകളിലാണ് പുകയില ഉത്പന്നങ്ങൾ നിറച്ചിരുന്നത്. ബംഗളൂരുവിലെ സുഹൃത്ത് കച്ചവടത്തിനായി അയച്ചുനൽകിയതാണെന്നാണ് അഖിലിന്റെ വിശദീകരണം. അഖിലിനെതിരെ കേസെടുത്ത ശേഷം പുകയില ഉത്പന്നങ്ങൾ എക്സൈസിന് കൈമാറി.

ആർ.പി.എഫ് ഇൻസ്പെക്ടർ ടി.ആർ.അനീഷ്, എസ്.ഐ ജി.സുരേഷ്, ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ജിബിൻ, എ.എസ്.ഐ ഫിലിപ്പ് ജോൺ, കോൺസ്റ്റബിൽ അരുൺബാബു എന്നിവരടങ്ങിയ സംഘമാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.