കൊല്ലം: ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി മാതൃഭാഷാ സെമിനാർ നടത്തി. മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടെങ്കിലും മാതൃഭാഷയ്ക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് സെമിനാർ വിലയിരുത്തി. ക്ലാസിക്കൽ പദവി ലഭിച്ചതിനെ തുടർന്ന് തമിഴ്നാടിന് സെൻട്രൽ ഇൻസ്റ്റ്യൂട്ട് അനുവദിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്ലാസിക്കൽ മലയാളം കേരളത്തിനവകാശപ്പെട്ടതാണെന്നും അത് നേടിയെടുക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യക്ഷനായി. പ്ലാക്കാട് ശ്രീകുമാർ പ്രബന്ധം അവതരിപ്പിച്ചു. സന്തോഷ് പ്രിയൻ, കെ. പത്മ, മാമ്പള്ളി ജി.ആർ. രഘുനാഥൻ, വിജയൻ ചന്ദനമാല, ജെ. ഉണ്ണിക്കുറുപ്പ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.