കൊല്ലം: എട്ടുമാസം മുമ്പ് നടന്ന ജില്ലയിലെ നവകേരള സദസുകളിൽ അടക്കം ലഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്ക് സഹായം തേടിയുള്ള 2500 ഓളം അപേക്ഷകൾ കെട്ടിക്കിടക്കുന്നു. കളക്ടറേറ്റിലെ സി.എം.ഡി.ആർ.എഫ് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വില്ലേജ് ഓഫീസുകളിൽ നിന്ന് അയയ്ക്കുന്ന ഫയലുകളിൽ ആവശ്യമായ രേഖകൾ ഉറപ്പാക്കാത്തതുമാണ് തീർപ്പാകൽ വൈകുന്നത്.
വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയ്ക്ക് പണമില്ലാത്തവരാണ് സി.എം.ഡി.ആർ.എഫിൽ നിന്ന് സഹായത്തിന് അപേക്ഷ നൽകുന്നത്. കരൾ, കിഡ്നി, ഹൃദയം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ഗുരുതര രോഗങ്ങൾക്കും കാൻസറിനുമുള്ള അപേക്ഷകൾ സി.എം.ഡി.ആർ.എഫിന്റെ സംസ്ഥാന സെല്ലാണ് തീർപ്പാക്കുന്നത്. പതിനായിരം രൂപ വരെയുള്ള സഹായമാണ് ജില്ലാതലത്തിൽ അനുവദിക്കുന്നത്. ജില്ലയിലെ നവകേരള സദസുകളിൽ ചികിത്സാ സഹായം തേടി ഏഴായിരം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ആയിരത്തിലേറെ ഇനിയും തീർപ്പാകാനുണ്ട്.
നവകേരള സദസിൽ ചികിത്സാ സഹായത്തിനുള്ള അപേക്ഷകൾ സ്വീകരിക്കേണ്ടെന്നായിരുന്നു അദ്യ തീരുമാനം. അപേക്ഷകൾ കൂട്ടത്തോടെ എത്തിയതോടെ സി.എം.ഡി.ആർ.എഫ് പോർട്ടലിൽ അപ്പ്ലോഡ് ചെയ്യാൻ വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് സഹിതം താലൂക്ക് ഓഫീസ് വഴി വില്ലേജ് ഓഫീസുകൾ കൈമാറിയ അപേക്ഷകളിൽ പലതിലും ആശുപത്രി ബില്ലുകൾ അടക്കമുള്ള പല രേഖകളും ഉറപ്പാക്കാതിരുന്നതാണ് നവകേരള സദസിൽ ലഭിച്ച അപേക്ഷകളുടെ തീർപ്പ് വൈകിപ്പിക്കുന്നത്.
അപേക്ഷകളിൽ അവശ്യ രേഖകളില്ല
അപേക്ഷകൾ പരിശോധിക്കുന്നത് രണ്ട് ക്ലാർക്കുമാർ
വില്ലേജുകളിൽ നിന്നുള്ള അപേക്ഷകളിൽ അവശ്യ രേഖകളില്ല
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നടപടികൾ സ്തംഭിപ്പിച്ചു
പുതിയ അപേക്ഷകളും പോർട്ടൽ വഴിയെത്തുന്നു
പതിനായിരം രൂപ വരെയുള്ള സഹായം ജില്ലാതലത്തിൽ
കൂടുതൽ തുക നൽകേണ്ടത് സംസ്ഥാന സെല്ലിന് കൈമാറും
വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷകളിൽ പലതിലും ആവശ്യമായ രേഖകളില്ല. ഇതുകാരണം തിരച്ചയയ്ക്കേണ്ടി വരുന്നതാണ് തീർപ്പാകൽ വൈകിപ്പിക്കുന്നത്.
കളക്ടറേറ്റ് സി.എം.ഡി.ആർ.എഫ് വിഭാഗം