കരുനാഗപ്പള്ളി: താലൂക്കിലെ വിവിധ ഭാഗങ്ങലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും വിദേശ മദ്യവും പിടികൂടി. വിവിധ കേസുകളിലായി 4 പേരെ അറസ്റ്റു ചെയ്തു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് കൊണ്ടുവന്ന വാഹനം കസ്റ്റഡിയിലെടുത്തത്. തൊടിയൂർ കല്ലിക്കോട്ട് കിഴക്കതിൽ മുഹമ്മദ് ഫറാജ് (24)ആണ് പിടിയിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന ആദിനാട് പുന്നക്കുളം മുറിയിൽ കൊച്ചുവീട്ടിൽ തെക്കതിൽ സജാദ് ഓടി രക്ഷപെട്ടു.
വില്പനയ്ക്കായി വീട്ടിൽ ശേഖരിച്ചു വെച്ചിരുന്ന 39 കുപ്പി വിദേശമദ്യവുമായി ചവറ ആരാധ്യ ഭവനം വീട്ടിൽ അഖിൽ കുമാറിനെ അറസ്റ്റു ചെയ്തു. അളവിൽ കൂടുതൽ വിദേശ മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് തൊടിയൂർ കാക്കാന്റയ്യത്ത് വീട്ടിൽ സജീർ,അയണിവേലി കുളങ്ങര സ്വദേശി തറയിൽ വീട്ടിൽ രാമചന്ദ്രൻ എന്നിവരെയും കസ്റ്റഡിയിലെടുത്തു. പരിശോധനകൾക്ക് എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. ലതീഷ്, എസ്.മനോജ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.വി. എബിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.കിഷോർ, ജി.അഭിലാഷ്, കെ.സാജൻ, ബി.അൻസാർ, വി.പ്രദീപ്കുമാർ, ഹരിപ്രസാദ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ മോളി, ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.