കരുനാഗപ്പള്ളി: 25ന് പന്മന ആശ്രമത്തിൽ നടത്താനിരുന്ന മഹാഗുരു ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 171-ാമത് ജയന്തി ആഘോഷവും ജീവകാരുണ്യ ദിനാചരണവും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സമ്മേളനങ്ങളും കലാപരിപാടികളും ഒഴിവാക്കിയതായി ആശ്രമാധികൃതർ അറിയിച്ചു. ആശ്രമത്തിൽ വർഷം തോറും നടന്നുവരുന്ന കളഭാഭിഷേകം, പുഷ്പാഭിഷേകം, സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദരുടെ പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായി പ്രത്യേക പ്രാർത്ഥന നടത്തും. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പന്മന ആശ്രമം പങ്കുചേരുന്നുവെന്ന് ട്രസ്റ്റ് പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ് കുമാറും അറിയിച്ചു.