കൊല്ലം: വാഹനപരിശോധനയ്ക്കിടെ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. തിരുനെൽവേലി ശങ്കരൻകോവിൽ എൻ.ജി.ഒ.എ നഗർ സെക്കൻഡ് സ്ട്രീറ്റിൽ മാരിശെൽവനാണ് (32) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ രണ്ടാംകുറ്റി മാർക്കറ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 4.120 കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. സ്കൂട്ടർ തടഞ്ഞ് നിറുത്തി സീറ്റ് കവർ തുറന്ന് പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് ലഭിച്ചത്. മാരിശെൽവനൊപ്പം മറ്റൊരാൾ കൂടി ബൈക്കിൽ ഉണ്ടായിരുന്നു. പൊലീസ് വാഹനത്തിന് കൈകാണിക്കുന്നത് കണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി. പുനലൂർ എക്സൈസിലും തമിഴ്നാട് ചെങ്കോട്ട പൊലീസ് സ്റ്റേഷനിലും സമാനമായ കേസുകളിൽ പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വി.എസ്.ശ്രീജിത്ത്, സന്തോഷ് കുമാർ, സി.അമൽരാജ്, സി.പി.ഒമാരായ ഷൺമുഖദാസ്, അനിതാകുമാരി, അജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.