കൊല്ലം: ശിവഗിരി മഠം മുൻ ജനറൽ മാനേജരും ശ്രീനാരായണ വേൾഡ് (യൂണിവേഴ്സൽ) കോൺഫെഡറേഷന്റെ (എസ്.എൻ.ജി.സി) ഇന്റർനാഷണൽ കോ-ഓർഡിനേറ്ററുമായ എസ്.സുവർണകുമാറിന്റെ ഈ വർഷത്തെ ഉപവാസ യജ്ഞത്തിന് തുടക്കമായി. കൊല്ലം തട്ടാമല തയ്യിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ശ്രീനാരായണ ജയന്തി പ്രാർത്ഥന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പിയും എം.നൗഷാദ് എം.എൽ.എയും ഡോ. എം.ശാർങധരനും ഡോ.രത്നകുമാരി ശാർങ്ധരനും ചേർന്ന് എസ്.സുവർണകുമാറിനെ മഞ്ഞ പട്ട് അണിയിച്ച് ഉദ്ഘാടനം ചെയ്തു. ഡോ.എം.ശാർങ്ധരൻ അദ്ധ്യക്ഷനായി. ശ്രീനാരായണഗുരു ജയന്തി മുതൽ മഹാസമാധിവരെയാണ് ഉപവാസം. ശിവഗിരി മഠത്തിൽ വച്ച് 1994ൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ശാശ്വതികാനന്ദയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച അഞ്ചുദിവസത്തെ സമൂഹ ഉപവാസത്തിന്റെ തുടർച്ചയായാണ് അന്ന് ശിവഗിരിമഠം ചീഫ് കോഓർഡിനേറ്ററായിരുന്ന എസ്.സുവർണകുമാർ ഉപവാസയജ്ഞം ആരംഭിച്ചത്. ഇന്നത് 30-ാം വർഷത്തിലേക്ക് എത്തിനിൽകുന്നു. ഇത്തവണ 31 ദിവസം നീണ്ടുനിൽക്കുന്ന ഉപവാസയജ്ഞം അടുത്തമാസം 21ന് ഛത്തീസ്ഘട്ടിലെ ഭിലായ് ശ്രീനാരായണ ഗുരുസമാജത്തിന്റെ മഹാസമാധി സമ്മേളനത്തിൽ അവസാനിക്കുമെന്ന് ഭിലായ് ശ്രീനാരായണഗുരു ധർമ്മസമാജം പ്രസിഡന്റ് വി.കെ.ബാബു അറിയിച്ചു.