thayyil
തയ്യിൽ വി. മാധവൻ പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിയിൽ നിന്ന് ഡോ. എം. ശാർങ്‌‌ഗധരൻ ഏറ്റുവാങ്ങുന്നു

കൊട്ടിയം: ഭൗതികവും ആത്മീയവുമായ നീതി ഓരോ മനുഷ്യനും ലഭ്യമാക്കണമെന്ന നിർബന്ധമാണ് ഗുരുദേവന്റെ ധർമ്മ സങ്കല്പത്തിലുള്ളതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി​ പറഞ്ഞു. തട്ടാമല തയ്യിൽകാവ് ക്ഷേത്ര ഭരണസമിതി സംഘടിപ്പിച്ച ശ്രീനാരായണ ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. അദ്വൈത വേദാന്തമാണ് ഈ ധർമ്മ സങ്കല്പത്തിനു പി​ന്നി​ലുള്ളത്. നിശബ്ദമായ സാമൂഹിക വിപ്ലവത്തിലൂടെ കേരളത്തിൽ നവോത്ഥാന പ്രക്രിയയ്ക്ക് തുടക്കമിട്ടതും അറിവിന്റെ കുത്തകവത്കരണം തകർത്തതും ശ്രീനാരായണ ഗുരുവാണെന്ന് അദ്ദേഹം പറഞ്ഞു.

തയ്യിൽ വി. മാധവന്റെ ഓർമയ്ക്കായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ വി. മാധവൻ പുരസ്കാരത്തിനും ക്യാഷ് അവാർഡിനും അർഹമായ 'ശ്രീ നാരായണ ഗുരുവിന്റെ സാമ്പത്തിക ദർശനം' എന്ന കൃതിയുടെ രചയിതാവ് ഡോ. എം. ശാർങ്‌ഗധരന് അവാർഡും പുരസ്കാരവും എം.പി സമ്മാനിച്ചു. ശ്രീ നാരായണ സാഹിത്യത്തിൽ മൂന്നു വർഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച കൃതിയായി തിരഞ്ഞടുക്കപ്പെട്ടതാണ് ഈ പുസ്തകം. ക്യാഷ് അവാർഡായി ലഭിച്ച കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഡോ. എം. ശാർങ്‌ഗധരൻ കൈമാറി. ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തയ്യിൽകാവ് ക്ഷേത്രം പ്രസിഡന്റ് എം. രാജാമണി അദ്ധ്യക്ഷത വഹിച്ചു. ഡോ. മൃദുല എസ്.ലാൽ, ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ. സുലോചനൻ, കെ. മണിലാൽ, യൂണിവേഴ്സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. സുവർണ കുമാർ, കോർപ്പറേഷൻ കൗൺസിലർമാരായ എ. അനീഷ് കുമാർ, എസ്. സുജ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു. കണ്ണനല്ലൂർ ആയുസ് വെൽനെസ് ആശുപത്രി, മേവറം അഹല്യ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്.