ചാത്തന്നൂർ: ഒരേ സമയം ജ്ഞാനയോഗിയും കർമ്മയോഗിയുമായിരുന്ന യുഗപുരുഷനായിരുന്നു
ശ്രീനാരായണ ഗുരുവെന്ന് പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ സംഘടിപ്പിച്ച ഗുരുദേവ മഹാജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന കാലഘട്ടത്തിൽ കേരളത്തിനെ ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക് നയിച്ച ഗുരുദേവൻ ആദിശങ്കരന് ശേഷം ഭാരതം കണ്ട സംസ്‌കൃത മഹാകവിയായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ അദ്വൈത വേദാന്തമാണ് ഇന്ന് കേരളത്തിനെ ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക് നയിച്ചത്. അദ്വൈത വേദാന്തത്തിലെ ശൈവതത്വമാണ് ശ്രീനാരായണഗുരുദേവൻ അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠ. ആ ശിവപ്രതിഷ്ഠയാണ് ഇരുട്ടിലാണ്ട് കിടന്ന കേരളത്തിനെ വെളിച്ചത്തിലേക്ക് നയിച്ചത്. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന ഗുരുവചനമാണ് ഇന്ന് കാണുന്ന ജനാധിപത്യ സമ്പ്രദായത്തിന്റെ ആധാരശിലയെന്നും അദ്ദേഹം പറഞ്ഞു.
ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു ചിറക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജയ് കുമാർ, എസ്.എൻ പോളീടെക്നിക് പ്രിൻസിപ്പൽ വി. സന്ദീപ്, എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. പ്രിയദർശിനി, എസ്.എൻ ഐ.ടി ഐ പ്രിൻസിപ്പൽ എസ്. കനകജ, യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ് എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ നന്ദിയും പറഞ്ഞു. നൂറുകണക്കിന് പേർ മഹാജയന്തി സമ്മേളനത്തിൽ പങ്കെടുത്തു.