കൊല്ലം: നാനാജാതി മതസ്ഥരുടെ കൂട്ടായ്മയിൽ പള്ളിമൺ ശ്രീനാരായണ ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണഗുരു ജയന്തി ആഘോഷം വേറിട്ടതായി. എം.വി ദേവൻ കലാഗ്രാമം, നെടുമ്പന ശ്രീഭദ്ര കലാസമിതി, കൊന്നക്കോട്ട് മാടങ്കാവ് തിരുവാതിര ടീം, കൈതക്കുഴി ഹെവൻലി ഏയ്ഞ്ചൽസും ഉൾപ്പെടെ നിരവധി കലാസംഘങ്ങളാണ് ഒപ്പന, മാർഗംകളി, തിരുവാതിര, നാടോടി നൃത്തം, പാട്ട് തുടങ്ങിയവയുമായി വേദിയിലെത്തിയത്. ഇരുന്നൂറോളം പേർ പങ്കെടുത്തു.
പള്ളിമൺ പരമാനന്ദം ജ്ഞാനഗുരുകുലത്തിൽ നടന്ന ആഘോഷം നാരായണ ഗുരുകുലം പ്രവർത്തക ശ്രീശ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ഫൗണ്ടറും ചെയർമാനുമായ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷനായി. സുധർമ്മ കടവൂർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഗിരീഷ് ചന്ദ്രൻ സ്വാഗതവും ട്രഷറർ അഭിലാഷ് നന്ദിയും പറഞ്ഞു.
ഗുരുദേവ ചിത്രം ഉൾപ്പെടുത്തി ബഹുവർണപ്പൂക്കളം ഒരുക്കിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്. ഗുരുപ്രസാദമായി ഉച്ചഭക്ഷണവും വിതരണം ചെയ്തു.