കൊല്ലം: ദേശീയപാത 66 വികസനത്തിന് ആവശ്യമായ മണ്ണിനായി കല്ലടയാറ്റിൽ ഡ്രഡ്ജിംഗിന് അനുമതി തേടി ദേശീയപാത അതോറിറ്റി. കാവനാട്- കൊറ്റുകുളങ്ങര റീച്ചിലെ ആവശ്യത്തിനാണ് എൻ.എച്ച്.എ.ഐ ജലസേചന വകുപ്പിന് കത്ത് നൽകിയത്.
മണ്ണിനായി കുന്നുകൾ ഇടിച്ചുനിരത്തുന്നത് ഒഴിവാക്കാനാണ് ജലാശയങ്ങളിലെ മണ്ണെടുക്കാനുള്ള ശ്രമം നടത്തുന്നത്. ഇത് ജലാശയങ്ങളിലെ സംഭരണ ശേഷി ഉയർത്തി തീരങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കും. ഒപ്പം കായലുകളിൽ ജലഗതാഗതവും സുഗമമാകും. അഷ്ടമുടി കായലിൽ ഇപ്പോൾ നടക്കുന്ന ഡ്രഡ്ജിംഗിന്റെ മാതൃകയിലുള്ള പദ്ധതി രേഖയാണ് എൻ.എച്ച്.എ.ഐ സമർപ്പിച്ചിരിക്കുന്നത്. സർക്കാരിൽ നിന്ന് ഇളവോടെ ഡ്രഡ്ജിംഗിന് അനുമതി വാങ്ങി നിർമ്മാണ കമ്പനിയുടെ നേതൃത്വത്തിൽ ഡ്രഡ്ജിംഗ് നടത്തി മണ്ണെടുക്കാനാണ് ആലോചന. കുന്നുകൾ ഇടിച്ച് മണ്ണെടുക്കാൻ ജിയോളജി വകുപ്പിൽ നിന്ന് അനുമതി ലഭിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ എതിർപ്പ് പലയിടങ്ങളിലും തടസം സൃഷ്ടിക്കുന്നുണ്ട്.
വലിയളവിൽ മണൽ നിക്ഷേപം
മണലിന് സർക്കാർ വലിയ വില നിശ്ചയിച്ചേക്കും
ആറ്റിൽ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ സാൻഡ് ഓഡിറ്റ്
ഡ്രഡ്ജിംഗ്, കഴുകൽ ചെലവ് വഹിക്കാൻ എൻ.എച്ച്.എ.ഐ
സെനറേജ്, റോയൽറ്റി എന്നിവയിൽ ഇളവ് ആവശ്യപ്പെടും
കല്ലടയാറിന്റെ ഉത്ഭവം പശ്ചിമഘട്ടത്തിൽ നിന്ന്
മണലിന് പൊന്നിൻ വില
കല്ലടയാറ്റിലെ മണലിന് നേരത്തെ പൊന്നിൻ വിലയായിരുന്നു. 14 വർഷം മുമ്പ് മണൽവാരൽ നിരോധനം നിലവിൽ വന്ന ശേഷം കല്ലടയാറ്റിൽ നിന്ന് ഔദ്യോഗികമായി മണൽ ശേഖരിച്ചിട്ടില്ല. ഇപ്പോൾ കാര്യമായി അനധികൃത മണൽ ഖനനവും നടക്കുന്നില്ല. അതുകൊണ്ട് തന്നെ കല്ലടയാറ്റിൽ വലിയളവിൽ മണൽ നിക്ഷേപമുണ്ട്.
കല്ലടയാറിന്റെ നീളം
121 കിലോമീറ്റർ
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏറെ അനുയോജ്യമായ മണ്ണാണ് കല്ലടയാറ്റിലേത്. അതുകൊണ്ട് മണ്ണെന്ന നിലയിൽ കൈമാറാനാകില്ല.
മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ
പരവൂർ കായൽ പരിഗണനയിൽ
കാവനാട്- കടമ്പാട്ടുകോണം റീച്ചിലെ നിർമ്മാണ പ്രവർത്തനത്തിനുള്ള മണ്ണിനായി പരവൂർ കായലിൽ ഡ്രഡ്ജിംഗ് നടത്താൻ എൻ.എച്ച്.എ.ഐ നൽകിയ കത്ത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്.
അഷ്ടമുടിക്കായലിൽ ഡ്രഡ്ജിംഗ് പുരോഗമിക്കുന്നു
കാവനാട്- കടമ്പാട്ടുകോണം റീച്ചിലെ നിർമ്മാണത്തിനായി അഷ്ടമുടിക്കായലിൽ ഡ്രഡ്ജിംഗ് പുരോഗമിക്കുകയാണ്. ഇവിടുത്തെ ചെളികലർന്ന മണ്ണ് സൗജന്യമായാണ് സർക്കാർ നൽകുന്നത്.